തിരുവനന്തപുരം: രാഹുൽ മാങ്കൂട്ടത്തിലിനെതിരായ രണ്ടാമത്തെ പരാതിക്കാരിയുടെ വിവരങ്ങൾ കെപിസിസി നൽകിയ പരാതിയുമായി ബന്ധപ്പെട്ട് പൊലീസിന് ലഭിച്ചു. അയൽ സംസ്ഥാനത്തുള്ള യുവതിയുടെ മൊഴിയെടുക്കാൻ പ്രത്യേക സംഘം തീരുമാനിച്ചു. മൊഴിയിൽ അവൾ ഉറച്ച് നിന്നാൽ രാഹുലിന് പ്രതിസന്ധി കൂടും. രണ്ടാമത്തെ ബലാൽസംഗ കേസിലെ എഫ്ഐആർ പ്രോസിക്യൂഷൻ ഇന്ന് കോടതിയിൽ നൽകും.
ലൈംഗിക പീഡനക്കേസിൽ രാഹുലിന്റെ മുൻകൂർ ജാമ്യാപേക്ഷയിൽ ഇന്ന് തിരുവനന്തപുരം സെഷൻസ് കോടതി വിധി പറയും. ഇന്നലെ അടച്ചിട്ട കോടതിയിൽ ഇരുവിഭാഗങ്ങളും വാദം നടത്തി. യുവതിയെ നിരന്തരം പീഡിപ്പിക്കുകയും നിർബന്ധിച്ച് ഗർഭഛിദ്രം നടത്തിക്കുകയും ചെയ്തുവെന്നതാണ് പ്രോസിക്യൂഷൻ വാദം. സിപിഎം–ബിജെപി ഗൂഢാലോചനയാണെന്നും ഗർഭഛിദ്രം യുവതിയുടെ സമ്മതത്തോടെയാണെന്നുമാണ് രാഹുലിന്റെ വാദം.
അതേസമയം, മുൻകൂർ ജാമ്യത്തിലെ കോടതി വിധി കേട്ടതിന് ശേഷം മാത്രമേ പാർട്ടിയിൽ നിന്ന് പുറത്താക്കൽ സംബന്ധിച്ച തീരുമാനം എടുക്കൂവെന്ന് കെപിസിസി വ്യക്തമാക്കി. ഹൈക്കമാൻഡ് അച്ചടക്കനടപടി നീളുന്നതിൽ അസ്വസ്ഥരാണ്. എംഎൽഎ സ്ഥാനം രാജിവെക്കാൻ പാർട്ടി രാഹുലിനോട് ആവശ്യപ്പെടില്ല.



