മുംബൈ: യുവതിയെ പീഡിപ്പിച്ച കേസിൽ സ്വയംപ്രഖ്യാപിത ആൾദൈവം അറസ്റ്റിൽ. മഹാരാഷ്ട്രയിലെ പാൽഘർ സ്വദേശിയായ ഋഷികേശ് വൈദ്യയാണ് പിടിയിലായത്. പുണെ സ്വദേശിനിയായ 35-കാരിയുടെ പരാതിയെ തുടർന്നാണ് നടപടി.
ഭഗവാൻ ശിവന്റെ അവതാരമാണെന്ന് അവകാശപ്പെട്ടാണ് പ്രതി യുവതിയെ വഞ്ചിച്ചതെന്ന് പരാതിയിൽ പറയുന്നു. 2023-ൽ ഫേസ്ബുക്ക് വഴിയാണ് ഇരുവരും പരിചയപ്പെട്ടത്. അതേ വർഷം ഡിസംബറിൽ പുണെയിൽ എത്തി യുവതിയെ നേരിൽ കണ്ട പ്രതി, താൻ ശിവന്റെ അവതാരമാണെന്നും യുവതി തന്റെ പാർവതിയാണെന്നും വിശ്വസിപ്പിച്ച് പീഡിപ്പിക്കുകയായിരുന്നുവെന്നാണ് ആരോപണം.
പീഡനത്തിന്റെ ദൃശ്യങ്ങൾ മൊബൈൽഫോണിൽ പകർത്തിയ പ്രതി, പിന്നീട് യുവതിയെ ഭീഷണിപ്പെടുത്തിയതായും പരാതിയിൽ പറയുന്നു. കഴിഞ്ഞ മേയിൽ ഒരു ഹോട്ടലിലേക്ക് വിളിച്ചുവരുത്തി വീണ്ടും പീഡിപ്പിച്ചുവെന്നും പറയുന്നു.






