മുംബൈ: രാജ്യത്തെ പ്രീപെയ്‌ഡ് മൊബൈൽ ഉപയോക്താക്കൾക്ക് തിരിച്ചടിയായി 84 ദിവസ റീചാർജ് പ്ലാനിന്റെ വില വർധിപ്പിച്ച് എയർടെൽ. ദിവസവും 1.5 ജിബി ഡാറ്റ നൽകുന്ന പ്ലാനിന്റെ വില 859 രൂപയിൽ നിന്ന് 899 രൂപയായി ഉയർത്തി. പുതുക്കിയ 899 രൂപ പ്ലാനിൽ ‘ട്രൂലി അൺലിമിറ്റഡ്’ വോയിസ് കോളുകൾ, ദിവസേന 100 എസ്‌എംഎസ്, 84 ദിവസത്തേക്ക് ദിവസവും 1.5 ജിബി ഡാറ്റ എന്നിവ ലഭിക്കും. ലോക്കൽ, എസ്‌ടിഡി, റോമിംഗ് എന്ന വ്യത്യാസമില്ലാതെ കോളുകൾ ഉപയോഗിക്കാം. ദിവസത്തെ ഡാറ്റ പരിധി കഴിഞ്ഞാൽ ഇന്റർനെറ്റ് വേഗം 64 കെബിപിഎസായി കുറയും.
കൂടാതെ, എയർടെൽ റിവാർഡ്‌സ് ഭാഗമായി അഡോബ് എക്‌സ്‌പ്രസ് പ്രീമിയത്തിലേക്ക് 12 മാസത്തെ ആക്‌സസ്, സ്‌പാം അലർട്ട് സൗകര്യം, ഫ്രീ ഹെലോട്യൂൺസ് എന്നിവയും ഉൾപ്പെടുത്തിയിട്ടുണ്ട്. ഹെലോട്യൂൺ 30 ദിവസത്തിലൊരിക്കൽ മാറ്റാൻ സാധിക്കും. അതേസമയം, മുമ്പ് 859 രൂപ പ്ലാനിനൊപ്പം ഉണ്ടായിരുന്ന ക്യാഷ്‌ബാക്ക് ആനുകൂല്യങ്ങളും റിവാർഡ്‌സ് മിനി സബ്‌സ്‌ക്രിപ്ഷനും ഇപ്പോൾ ഒഴിവാക്കിയതായി റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു. ഇക്കാര്യത്തിൽ എയർടെൽ ഔദ്യോഗികമായി പ്രതികരിച്ചിട്ടില്ല.




