കണ്ണൂർ: കണ്ണൂർ കതിരൂരിൽ കടുവയുടെ തോലും നഖങ്ങളും പല്ലുകളും വിൽക്കാന്ഡ ശ്രമിച്ച ഏഴംഗ സംഘത്തെ വനപാലകർ പിടികൂടി. കൊട്ടിയൂർ റേഞ്ച് ഓഫീസറുടെ നേതൃത്വത്തിൽ വനപാലകരും ഫോറസ്റ്റ് വിജിലൻസും ചേർന്ന് നടത്തിയ പരിശോധനയിലാണ് സംഘം കുടുങ്ങിയത്.
കതിരൂരിൽ നടത്തിയ പരിശോധനയിൽ എരുവട്ടി സ്വദേശി അശ്വിൻ, ചെറുവാഞ്ചേരി സ്വദേശികളായ സന്ദീഷ് പി.എം, ബാലൻ സി. എന്നിവരെ ആദ്യം പിടികൂടി. ഇവരിൽ നിന്ന് കടുവയുടെ തോലും പല്ലുകളും നഖങ്ങളും, ഇവ കടത്താൻ ഉപയോഗിച്ച സ്കൂട്ടറും ഉദ്യോഗസ്ഥർ കസ്റ്റഡിയിലെടുത്തു.
തുടർന്ന് പ്രതികളെ ചോദ്യം ചെയ്തതിൽ നിന്ന് ലഭിച്ച വിവരങ്ങളുടെ അടിസ്ഥാനത്തിൽ നടത്തിയ അന്വേഷണത്തിലാണ് മറ്റ് നാലുപേരെ കൂടി പിടികൂടിയത്. കല്ലിക്കണ്ടി സ്വദേശി ശരത് കെ.കെ, മാങ്ങാട് സ്വദേശി രജീഷ് കടച്ചി, ചെറുവാഞ്ചേരി സ്വദേശി വിതുൽ വി.കെ, മലാൽ സ്വദേശി രഖിൽ ടി.പി എന്നിവരാണ് പിന്നീട് അറസ്റ്റിലായത്. കടുവയുടെ ശരീരഭാഗങ്ങൾ കടത്താൻ ഉപയോഗിച്ച ഇന്നോവ കാറും അന്വേഷണ സംഘം പിടിച്ചെടുത്തു. പിടിയിലായ പ്രതികളെ തലശ്ശേരി കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.










