കോട്ടയം: കടുത്ത വേനലിനെ തുടർന്ന് കുടിവെള്ള ക്ഷാമം രൂക്ഷമായതോടെ വെള്ളത്തിന്റെ വിലയും ഉയർന്നു. 3500 ലിറ്റർ കുടിവെള്ളത്തിന് മുൻപ് 900 രൂപയായിരുന്നത് ഇപ്പോൾ 1200 രൂപയായി വർധിച്ചിട്ടുണ്ട്. വെള്ളം എത്തിക്കേണ്ട ദൂരത്തിന് അനുസരിച്ച് വിലയും കൂടുന്നതായാണ് റിപ്പോർട്ട്. കിണറുകൾ പലതും വറ്റിയതിനാൽ കുടിവെള്ളം വാങ്ങി ഉപയോഗിക്കേണ്ട സാഹചര്യമാണെന്ന് നാട്ടുകാർ പറയുന്നു.
വട്ടുകുന്നാംമല, ആലപ്ര, പുലിക്കല്ല്, മുക്കട, ചാരുവേലി, ആലയംകവല, വെള്ളാവൂർ, കുന്നിനി, അംബേദ്കർ കോളനി തുടങ്ങിയ പ്രദേശങ്ങളിലാണ് ജലക്ഷാമം കൂടുതലായി അനുഭവപ്പെടുന്നത്. ചില സ്ഥലങ്ങളിൽ ജല അതോറിറ്റിയുടെ മോട്ടറുകൾ കേടായതും പഴയ പഞ്ചായത്ത് കിണറുകൾ ഇല്ലാതായതും പ്രശ്നം കൂടുതൽ ഗുരുതരമാക്കി.
മണിമലയിൽ നിന്നുള്ള വെള്ളം വിവിധ പഞ്ചായത്തുകളിലേക്ക് എത്തിക്കുന്ന പദ്ധതിയുണ്ടായിരുന്നുവെങ്കിലും പൈപ്പുകളിലെ ചോർച്ചയും മറ്റ് സാങ്കേതിക പ്രശ്നങ്ങളും കാരണം പദ്ധതി അനിശ്ചിതത്വത്തിലായിരിക്കുകയാണ്. ജലജീവൻ മിഷന്റെ കീഴിലാക്കി പദ്ധതി മാറ്റിയിട്ടുണ്ടെന്നും എംഎൽഎ ഫണ്ടിൽ നിന്ന് 97.25 ലക്ഷം രൂപ അനുവദിച്ചതായും അധികൃതർ അറിയിച്ചു. കുടിവെള്ള വിതരണം നടത്താൻ ടെൻഡർ നടപടികൾ ആരംഭിച്ചെങ്കിലും ഏറ്റെടുക്കാൻ ആളെ കിട്ടാത്തതും പ്രശ്നമായി. ജലക്ഷാമം രൂക്ഷമായ വാർഡുകളിൽ ഉടൻ കുടിവെള്ളം എത്തിക്കുമെന്ന് പഞ്ചായത്ത് അധികൃതർ അറിയിച്ചു.




