ന്യൂഡല്‍ഹി: കോണ്‍ഗ്രസ് എംപിമാരുടെ യോഗത്തില്‍നിന്നും തുടര്‍ച്ചയായി മൂന്നാം തവണയും വിട്ടുനിന്ന് തിരുവനന്തപുരം എംപി ശശി തരൂര്‍. പ്രധാനമന്ത്രി നരേന്ദ്ര മോദിയെയും ഭരണകക്ഷിയായ ബിജെപിയെയും പ്രശംസിച്ചുകൊണ്ടുള്ള പരാമര്‍ശങ്ങളുടെ പേരില്‍ കോണ്‍ഗ്രസ് കേന്ദ്ര നേതൃത്വവുമായി അഭിപ്രായഭിന്നതയുണ്ടെന്ന് പരക്കെ വിലയിരുത്തപ്പെടുന്ന സാഹചര്യത്തിലാണ് യോഗത്തിലെ ശശി തരൂരിന്റെ അസാന്നിധ്യം വാർത്തയായത്.
പാര്‍ലമെന്റിന്റെ ശീതകാല സമ്മേളനം അടുത്തയാഴ്ച, ഡിസംബര്‍ 19-ന് അവസാനിക്കുന്നതിന് മുമ്പായി ഇതുവരെയുള്ള പ്രകടനം വിലയിരുത്താന്‍ വേണ്ടിയാണ് വെള്ളിയാഴ്ച രാവിലെ കോണ്‍ഗ്രസ് യോഗം സംഘടിപ്പിച്ചത്. ലോക്സഭാ പ്രതിപക്ഷ നേതാവായ രാഹുല്‍ ഗാന്ധിയുടെ നേതൃത്വത്തിലാണ്, കോണ്‍ഗ്രസിന്റെ 99 എംപിമാരുടെ യോഗം നടന്നത്. ശശി തരൂരും ചണ്ഡീഗഡ് എംപി മനീഷ് തിവാരിയും യോഗത്തില്‍ പങ്കെടുത്തില്ല.
ഇന്ന് ‘എക്‌സി’ല്‍ പങ്കുവെച്ച പോസ്റ്റലൂടെ സ്വകാര്യ ചടങ്ങുകളില്‍ പങ്കെടുക്കുകയാണ് എന്നാണ് തരൂര്‍ വ്യക്തമാക്കിയിരിക്കുന്നത്. മൂന്നാഴ്ചയായി നടന്നുവരുന്ന യോഗത്തില്‍നിന്ന് ഇത് മൂന്നാം തവണയാണ് തരൂര്‍ വിട്ടുനില്‍ക്കുന്നത്. നവംബറിലായിരുന്നു ആദ്യ രണ്ട് യോഗങ്ങളും നടന്നത്. ഇവയില്‍നിന്നു വിവിധ കാരണങ്ങള്‍ പറഞ്ഞ് തരൂര്‍ ഒഴിഞ്ഞ് നില്‍ക്കുകായിരുന്നു.






