മലപ്പുറം: മഞ്ചേരി മെഡിക്കൽ കോളേജിൽ ചികിത്സയിലിരിക്കെ മരിച്ച പാലക്കാട് സ്വദേശി ഷൈജുവിന് ഷിഗെല്ല സ്ഥിരീകരിച്ചു. പാലക്കാട് നെല്ലൂർപ്പുള്ളി പാറോലിൽ സ്വദേശിയായ ഷൈജു കഴിഞ്ഞ ബുധനാഴ്ചയാണ് മരിച്ചത്.
വയറിളക്കവും പനിയും അനുഭവപ്പെട്ടതിനെ തുടർന്ന് ചികിത്സ തേടിയ ഷൈജുവിനെ പിന്നീട് മഞ്ചേരി മെഡിക്കൽ കോളേജിൽ പ്രവേശിപ്പിക്കുകയായിരുന്നു. ചികിത്സയ്ക്കിടെ മരിച്ച ഇയാളുടെ പരിശോധനാഫലത്തിലാണ് ഷിഗെല്ല അണുബാധ സ്ഥിരീകരിച്ചത്.
സംഭവത്തെ തുടർന്ന് ആരോഗ്യവകുപ്പ് പ്രദേശത്ത് പ്രതിരോധ പ്രവർത്തനങ്ങൾ ശക്തമാക്കിയിട്ടുണ്ട്. രോഗബാധയുടെ ഉറവിടം കണ്ടെത്തുന്നതിനും സമ്പർക്കപ്പട്ടിക തയ്യാറാക്കുന്നതിനുമുള്ള നടപടികൾ പുരോഗമിക്കുകയാണ്.




