കൊൽക്കത്ത: പശ്ചിമബംഗാളിലെ മമതാ ബാനർജി നയിക്കുന്ന തൃണമൂൽ കോൺഗ്രസിൽ വീണ്ടും രാജി. പാർട്ടിയുടെ ബംഗാൾ സംസ്ഥാന പ്രസിഡന്റ് ചന്ദ്രിമ ഭട്ടാചാര്യ ശനിയാഴ്ച എല്ലാ പാർട്ടി സ്ഥാനങ്ങളിൽ നിന്നും രാജിവെച്ചു.
മമത ബാനർജിയുടെ വിശ്വസ്ത നേതാക്കളിൽ ഒരാളായി അറിയപ്പെട്ടിരുന്ന ചന്ദ്രിമ, നിയമസഭാ തെരഞ്ഞെടുപ്പ് തോൽവിക്ക് പിന്നാലെയാണ് സംസ്ഥാന പ്രസിഡന്റായി നിയമിതയായത്. ജൂൺ 3ന് പാർട്ടി കമ്മിറ്റികൾ പുനസംഘടിപ്പിച്ചതിന് പിന്നാലെ സുബ്രത ബക്ഷിയെ മാറ്റി ചന്ദ്രിമയെ സംസ്ഥാന പ്രസിഡന്റായി നിയോഗിച്ചിരുന്നു.
എന്നാൽ, ഇപ്പോൾ എല്ലാ പാർട്ടി സ്ഥാനങ്ങളിൽ നിന്നും രാജിവെച്ചതായി അവർ അറിയിച്ചു. താൻ ഇനി തെരഞ്ഞെടുപ്പ് കമ്മീഷനിലെ തൃണമൂൽ പ്രതിനിധിയായും തുടരുമെന്ന് വ്യക്തമാക്കിയിട്ടുണ്ട്.
“സത്യമില്ലാത്തതും വിശ്വാസമില്ലാത്തതുമായ ഇടങ്ങളിൽ തുടരാൻ കഴിയില്ല” എന്നതാണ് രാജി കത്തിലെ പ്രധാന പരാമർശമെന്ന് റിപ്പോർട്ടുകൾ പറയുന്നു. തൃണമൂൽ കോൺഗ്രസ് അധ്യക്ഷ മമത ബാനർജിയെ ആദരിക്കുന്നുവെന്നും അവർ വ്യക്തമാക്കിയിട്ടുണ്ട്.
രാജിക്ക് പിന്നാലെ ചന്ദ്രിമ തൃണമൂൽ വിമത നേതാവ് ഋതബ്രത ബാനർജിയുമായി കൂടിക്കാഴ്ച നടത്തിയതായും വിവരമുണ്ട്. സംഭവത്തിൽ വിവിധ നേതാക്കളും പ്രതികരണവുമായി രംഗത്തെത്തി. മമതയുടെ ഭരണകാലത്ത് ഉന്നത സ്ഥാനങ്ങൾ അനുഭവിച്ച ശേഷം രാജി വെക്കുന്നത് എന്ത് പ്രശ്നമാണെന്നായിരുന്നു തൃണമൂൽ നേതാവ് കുനാൽ ഘോഷിന്റെ പ്രതികരണം.
അതേസമയം, ബിജെപി സംസ്ഥാന പ്രസിഡന്റ് സമിക് ഭട്ടാചാര്യ, മമതാ സർക്കാരിനെതിരെ വിമർശനവുമായി രംഗത്തെത്തി. തൃണമൂലിന്റെ നേതൃത്വത്തോട് ബംഗാൾ ജനതയ്ക്ക് അതൃപ്തിയുണ്ടെന്ന് അദ്ദേഹം ആരോപിച്ചു.




