തിരുവനന്തപുരം: തിരുവനന്തപുരം എസ്എടി ആശുപത്രിയിൽ പ്രസവത്തിന് എത്തിയ യുവതി അണുബാധ മൂലം മരിച്ച സംഭവത്തിൽ അന്വേഷണത്തിന് ഉത്തരവിട്ട് ആരോഗ്യമന്ത്രി. സംഭവത്തെ കുറിച്ച് ബന്ധുക്കളുടെ പരാതിയെ അടിസ്ഥാനമാക്കി പ്രത്യേക സംഘം നിയോഗിച്ച്, രണ്ട് ദിവസത്തിനുള്ളിൽ റിപ്പോർട്ട് സമർപ്പിക്കാൻ മെഡിക്കൽ വിദ്യാഭ്യാസ വകുപ്പ് ഡയറക്ടറോട് ആവശ്യപ്പെട്ടു.
അണുബാധ ഉണ്ടായത് ആശുപത്രിയിൽ നിന്നാണെന്നാണ് ബന്ധുക്കളുടെ ആരോപണം. 22 നായിരുന്നു കരിക്കകം സ്വദേശി ശിവപ്രിയയുടെ പ്രസവം. 25 ന് ആശുപത്രി വിട്ടു. 26 നു പനി ഉണ്ടായതോടെ ആശുപത്രിയിലേക്ക് തിരികെ എത്തിച്ചു. നില വഷളായതിനാൽ തിരുവനന്തപുരം മെഡിക്കൽ കോളജ് ആശുപത്രിയിലേക്ക് മാറ്റിയിരുന്നു. ബ്ലഡ് കൾച്ചറിൽ ഇൻഫക്ഷൻ എന്ന് കണ്ടെത്തി. വെന്റിലേറ്ററിൽ ചികിത്സയിലിരിക്കേയാണ് ശിവപ്രിയയുടെ മരണം സംഭവിച്ചത്.




