ന്യൂഡൽഹി: വാരാണാസിയിലെ ബനാറസ് ഹിന്ദു സര്‍വകലാശാലയില്‍ ക്യാമ്പസിൽ വെടിവെപ്പ്. മൂന്നാം വർഷ ബിരുദ വിദ്യാർത്ഥിയായ രോഹൻ മിശ്രയ്‌ക്കെതിരെ ബൈക്കിലെത്തിയ മൂന്നംഗ സംഘം വെടിയുതിർക്കുകയായിരുന്നു. ബിര്‍ള എ ഹോസ്റ്റല്‍ ഗേറ്റിലായിരുന്നു സംഭവം നടന്നത്.
നാല് തവണ വെടിയുതിർത്തെങ്കിലും രോഹൻ മിശ്രയ്ക്ക് വെടിയേൽക്കാതെ രക്ഷപെട്ടു. സംഭവത്തെ തുടർന്ന് രോഹന്റെ പരാതിയുടെ അടിസ്ഥാനത്തിൽ പിയുഷ് കുമാർ തിവാരി, ഋഷഭ്, തപസ് എന്നിവർക്കെതിരെ പൊലീസ് എഫ്‌ഐആർ രജിസ്റ്റർ ചെയ്തു.
വിദ്യാർത്ഥികൾ തമ്മിലുള്ള തർക്കമാണ് വെടിവെപ്പിന് പിന്നിലെ കാരണമെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം. സർവകലാശാലയിൽ നിന്ന് സസ്‌പെൻഡ് ചെയ്ത രണ്ട് വിദ്യാർത്ഥികളുടെ നിർദേശപ്രകാരമാണ് ആക്രമണം നടന്നതെന്നാരോപിച്ച് രോഹൻ മിശ്ര പൊലീസിന് മൊഴി നൽകിയിട്ടുണ്ട്.
സംഭവത്തിൽ പൊലീസ് അന്വേഷണം പുരോഗമിക്കുകയാണ്. ഇതിനിടെ ക്യാമ്പസിൽ വിദ്യാർത്ഥികൾക്ക് മതിയായ സുരക്ഷയില്ലെന്ന് ആരോപിച്ച് പ്രതിഷേധവും ഉയർന്നു.










