മുംബൈ: ബോളിവുഡ് സംവിധായകൻ രോഹിത് ഷെട്ടിയുടെ വീട്ടിന് മുന്നിൽ വെടിവെയ്പ്പ്. നാലുതവണ വെടിയൊച്ച കേട്ടതായാണ് വിവരം. ശനിയാഴ്ച രാത്രി വൈകിയാണ് ജുഹുവിലെ രോഹിത് ഷെട്ടിയുടെ വസതിക്ക് സമീപം സംഭവം നടന്നത്.
സംഭവത്തിൽ ആർക്കും പരിക്കേറ്റിട്ടില്ല. വിവരം ലഭിച്ചതോടെ പൊലീസ് ഉടൻ സ്ഥലത്തെത്തി പ്രദേശം നിയന്ത്രണത്തിലാക്കി. സുരക്ഷാ മുൻകരുതലിന്റെ ഭാഗമായി സംവിധായകന്റെ വീടിന് പ്രത്യേക പൊലീസ് സുരക്ഷ ഏർപ്പെടുത്തിയിട്ടുണ്ട്. വീടിനും പരിസര പ്രദേശങ്ങൾക്കും പൊലീസ് കനത്ത നിരീക്ഷണം ഏർപ്പെടുത്തിയിരിക്കുകയാണ്.
വെടിവെയ്പ്പുമായി ബന്ധപ്പെട്ട എല്ലാ വശങ്ങളും പരിശോധിച്ചുവരികയാണെന്നും ക്രൈംബ്രാഞ്ചും മുതിർന്ന പൊലീസ് ഉദ്യോഗസ്ഥരും ചേർന്നാണ് അന്വേഷണം നടത്തുന്നതെന്നും മുംബൈ പൊലീസ് കമ്മീഷണർ അറിയിച്ചു. അന്താരാഷ്ട്ര ഗുണ്ടാസംഘങ്ങളുടെ പങ്ക് ഉൾപ്പെടെ പൊലീസ് സംശയിക്കുന്നുണ്ട്.
രോഹിത് ഷെട്ടിയുടെ വീടിന് മുന്നിൽ പൊലീസ് സുരക്ഷ ഏർപ്പെടുത്തിയതിന്റെ ദൃശ്യങ്ങളും പുറത്തുവന്നിട്ടുണ്ട്. സംഭവത്തിൽ സംവിധായകൻ ഇതുവരെ പ്രതികരിച്ചിട്ടില്ല. ബോളിവുഡ് താരങ്ങളുടെ സുരക്ഷയെ കുറിച്ചുള്ള ആശങ്കകൾ നിലനിൽക്കുന്ന പശ്ചാത്തലത്തിലാണ് സംഭവം.










