ഏറെ നാളുകളായി സിപിഎം നേതൃത്വവും മുന്‍ എംഎല്‍എ പി കെ ശശിയും തമ്മിലുള്ള തര്‍ക്കങ്ങള്‍ അവസാനിക്കാതെ തുടരുകയായിരുന്നു. ഇപ്പോഴിതാ ഇടത് രാഷ്ട്രീയം ഉപേക്ഷിച്ച് പി കെ ശശി കോണ്‍ഗ്രസിലേക്ക് ചേക്കേറുമെന്ന തരത്തിലുള്ള വാര്‍ത്തകളാണ് പുറത്തുവരുന്നത്. പാര്‍ട്ടിയുടെ ചില സമീപനങ്ങളെ തുറന്നുകാട്ടി അദ്ദേഹം കഴിഞ്ഞദിവസം തന്റെ തട്ടകമായ മണ്ണാര്‍ക്കാട് നടത്തിയ ഒരു പ്രസംഗമാണ് ഇപ്പോള്‍ വിവാദങ്ങള്‍ക്ക് വഴി വച്ചിരിക്കുന്നത്.
കഴിഞ്ഞ പുതുവര്‍ഷത്തലേന്ന് കടുത്ത വിമര്‍ശനമായിരുന്നു ശശി പാര്‍ട്ടിക്കെതിരെ ഉയര്‍ത്തിയിരിക്കുന്നത്. 2024 പ്രതിസന്ധിയുടെ കാലമെന്ന് പറഞ്ഞുകൊണ്ടുള്ള അദ്ദേഹത്തിന്റെ സാമൂഹ്യ മാധ്യമ കുറിപ്പ് സിപിഎമ്മിനുള്ള പുതുവര്‍ഷത്തെ ആദ്യ പ്രഹരമായി മാറുകയും ചെയ്തിരുന്നു. അപ്പൊക്കാണുന്നവനെ അപ്പാ എന്ന് വിളിക്കാനും കാര്യം കാണാന്‍ ഏതവന്റെയും പെട്ടി ചുമക്കാനും മടിയില്ലാത്തവര്‍ക്ക് സുന്ദര കാലമായിരുന്നു കഴിഞ്ഞുപോയതെന്ന് അദ്ദേഹം മടികൂടാതെ പറഞ്ഞു.
അവരെ കാത്തിരിക്കുന്നത് മഹാ ദുരന്തമായിരിക്കുമെന്ന മുന്നറിയിപ്പും അദ്ദേഹം നല്‍കിയിരുന്നു. സിപിഎമ്മുമായി ഏറെക്കാലമായി അകലം സൂക്ഷിക്കുന്ന ശശി കോണ്‍ഗ്രസിലേക്ക് ചുവടു മാറുന്നുവെന്ന സൂചനക്ക് ആക്കം കൂട്ടുന്നതായിരുന്നു ലീഗ് നേതൃത്വം നല്‍കുന്ന മണ്ണാര്‍ക്കാട് നഗരസഭയിലെ പരിപാടിയില്‍ പി കെ ശശിയുടെ സാന്നിധ്യം.






