ഏറെ നാളുകളായി സിപിഎം നേതൃത്വവും മുന്‍ എംഎല്‍എ പി കെ ശശിയും തമ്മിലുള്ള തര്‍ക്കങ്ങള്‍ അവസാനിക്കാതെ തുടരുകയായിരുന്നു. ഇപ്പോഴിതാ ഇടത് രാഷ്ട്രീയം ഉപേക്ഷിച്ച് പി കെ ശശി കോണ്‍ഗ്രസിലേക്ക് ചേക്കേറുമെന്ന തരത്തിലുള്ള വാര്‍ത്തകളാണ് പുറത്തുവരുന്നത്. പാര്‍ട്ടിയുടെ ചില സമീപനങ്ങളെ തുറന്നുകാട്ടി അദ്ദേഹം കഴിഞ്ഞദിവസം തന്റെ തട്ടകമായ മണ്ണാര്‍ക്കാട് നടത്തിയ ഒരു പ്രസംഗമാണ് ഇപ്പോള്‍ വിവാദങ്ങള്‍ക്ക് വഴി വച്ചിരിക്കുന്നത്.
കഴിഞ്ഞ പുതുവര്‍ഷത്തലേന്ന് കടുത്ത വിമര്‍ശനമായിരുന്നു ശശി പാര്‍ട്ടിക്കെതിരെ ഉയര്‍ത്തിയിരിക്കുന്നത്. 2024 പ്രതിസന്ധിയുടെ കാലമെന്ന് പറഞ്ഞുകൊണ്ടുള്ള അദ്ദേഹത്തിന്റെ സാമൂഹ്യ മാധ്യമ കുറിപ്പ് സിപിഎമ്മിനുള്ള പുതുവര്‍ഷത്തെ ആദ്യ പ്രഹരമായി മാറുകയും ചെയ്തിരുന്നു. അപ്പൊക്കാണുന്നവനെ അപ്പാ എന്ന് വിളിക്കാനും കാര്യം കാണാന്‍ ഏതവന്റെയും പെട്ടി ചുമക്കാനും മടിയില്ലാത്തവര്‍ക്ക് സുന്ദര കാലമായിരുന്നു കഴിഞ്ഞുപോയതെന്ന് അദ്ദേഹം മടികൂടാതെ പറഞ്ഞു.
അവരെ കാത്തിരിക്കുന്നത് മഹാ ദുരന്തമായിരിക്കുമെന്ന മുന്നറിയിപ്പും അദ്ദേഹം നല്‍കിയിരുന്നു. സിപിഎമ്മുമായി ഏറെക്കാലമായി അകലം സൂക്ഷിക്കുന്ന ശശി കോണ്‍ഗ്രസിലേക്ക് ചുവടു മാറുന്നുവെന്ന സൂചനക്ക് ആക്കം കൂട്ടുന്നതായിരുന്നു ലീഗ് നേതൃത്വം നല്‍കുന്ന മണ്ണാര്‍ക്കാട് നഗരസഭയിലെ പരിപാടിയില്‍ പി കെ ശശിയുടെ സാന്നിധ്യം.
പാലക്കാട് ജില്ലയുടെ അതിര്‍ത്തി പ്രദേശമായ മണ്ണാര്‍ക്കാടും ഒറ്റപ്പാലം ഷോര്‍ണൂര്‍ മണ്ഡലങ്ങളിലും ശശി ഒരു നിര്‍ണായക ശക്തി തന്നെയാണ്. സിപിഎം വിട്ട് കോണ്‍ഗ്രസിലേക്ക് അദ്ദേഹം എത്തിയാല്‍ ഈ മൂന്ന് മണ്ഡലങ്ങളിലും കോണ്‍ഗ്രസിന് അത് നല്‍കുന്ന ഊര്‍ജ്ജം വളരെ വലുതാകും. ജില്ല ഒട്ടാകെയും അദ്ദേഹത്തിന് രാഷ്ട്രീയത്തിനും അപ്പുറം ഒട്ടേറെ വ്യക്തി ബന്ധങ്ങള്‍ ഉണ്ട്. സിപിഎമ്മിന് ആകട്ടെ ജില്ലയില്‍ ഇതിലും വലിയ തിരിച്ചടി നേരിടാനും ഇല്ല.
ഏതായാലും ശശിയുടെ നീക്കങ്ങളെ ജാഗ്രതയോടെ ആകും സിപിഎം നേതൃത്വം നോക്കിക്കാണുക. വിവിധ സ്ഥാനങ്ങളില്‍ നിന്നും നീക്കിയതായിരുന്നു അദ്ദേഹത്തെ ചൊടിപ്പിച്ചത്. സിഐടിയു ജില്ലാ പ്രസിഡന്റ്, ചുമട്ടുതൊഴിലാളി യൂണിയന്‍ പ്രസിഡന്റ് തുടങ്ങിയ പദവികളില്‍ നിന്നായിരുന്നു അദ്ദേഹത്തെ നീക്കിയത്. അഴിമതി നടത്തിയെന്ന് അന്വേഷണ കമ്മിഷന്‍ കണ്ടെത്തിയതിനെ തുടര്‍ന്നാണ് പാര്‍ട്ടി പദവികളില്‍നിന്നു പി.കെ.ശശിയെ ഒഴിവാക്കിയത്.
സിപിഎം പാലക്കാട് ജില്ലാ സെക്രട്ടറിയെ കേസില്‍ കുടുക്കാനായി ശശി നടത്തിയ ഗൂഢാലോചനയും പുറത്തുവന്നിരുന്നു. ഇതും നടപടിക്ക് കാരണമായി. പാലക്കാട് ഉപതെരഞ്ഞെടുപ്പ് കാലത്ത് അദ്ദേഹം പ്രചാരണ രംഗത്ത് ഇല്ലായിരുന്നു. അന്ന് വിദേശയാത്രയ്ക്ക് ശശിക്ക് നേതൃത്വം അനുമതി നല്‍കിയിരുന്നു. കഴിഞ്ഞ തെരഞ്ഞെടുപ്പുകളില്‍ പാലക്കാട്ടെ പ്രവര്‍ത്തനത്തിന്റെ മുന്‍നിരയിലുള്ള ശശിയെ ഇക്കുറി എവിടെയും ഇറക്കിയില്ല.
പാലക്കാട് ജില്ലയില്‍ സിപിഎമ്മിനുള്ളില്‍ കടുത്ത വിഭാഗീയത ഇപ്പോഴും നിലനില്‍ക്കുന്നുണ്ട്. ആ വിഭാഗീയതയ്ക്ക് കൂടുതല്‍ ആക്കം കൂട്ടുന്നതിനായി ശശിയെ പ്രകോപിപ്പിക്കേണ്ട എന്ന തീരുമാനമായിരുന്നു സിപിഎം നേതൃത്വത്തിന്. ശശിക്കെതിരെ നിലപാട് എടുത്ത സാഹചര്യത്തിലും കെ ടി ഡി സി ചെയര്‍മാന്‍ സ്ഥാനത്തുനിന്ന് അദ്ദേഹത്തെ മാറ്റുവാന്‍ സിപിഎം തയ്യാറായിരുന്നില്ല. അതുതന്നെ സമവായത്തിനുള്ള സാധ്യതകള്‍ തുറന്നിടുകയായിരുന്നു.
എന്നാല്‍ കൂട്ടിലടച്ച് തത്തയെപ്പോലെ പാര്‍ട്ടിക്കുള്ളില്‍ ഇനിയും നില്‍ക്കുവാന്‍ താല്പര്യമില്ല എന്ന നിലയിലാണ് ശശിയുടെ തീരുമാനം എന്ന് കേള്‍ക്കുന്നു. അങ്ങനെ വരുമ്പോള്‍ അധികം വൈകാതെ തന്നെ ശശി കോണ്‍ഗ്രസില്‍ അംഗത്വം എടുത്തേക്കാം. കോണ്‍ഗ്രസ് പി കെ ശശിയെ പോലെയുള്ള ഒരു പ്രമുഖനായ നേതാവിനെ വെറുംകയ്യോടെ സ്വീകരിക്കുകയും ഇല്ല. ഷൊര്‍ണൂര്‍ മണ്ഡലത്തില്‍ കൈപ്പത്തി അടയാളത്തില്‍ തന്നെ മത്സരിപ്പിച്ച് ശശിയെ നിയമസഭയിലേക്ക് അയക്കുവാനാണ് കോണ്‍ഗ്രസ് ആലോചിക്കുന്നത്. ഷോര്‍ണൂര്‍ മണ്ഡലത്തില്‍ അത്രമേല്‍ ബന്ധങ്ങളുള്ള വ്യക്തി കൂടിയാണ് ശശി. ആ സാധ്യതകള്‍ ശശിക്ക് മണ്ഡലത്തില്‍ കൂടുതല്‍ കരുത്ത് പകരും എന്നാണ് കോണ്‍ഗ്രസ് നേതൃത്വം കരുതുന്നത്.
Content: Shoranur seat secured; PK Sasi joins Congress






