കോട്ടയം: വൈക്കം കാട്ടിക്കുന്നിൽ പൊട്ടിക്കിടന്ന വൈദ്യുതി കമ്പിയിൽ നിന്ന് ഷോക്കേറ്റ് സഹോദരങ്ങളായ രണ്ട് കുട്ടികൾക്ക് പരിക്ക്. ചിറ്റത്തേറ സുബിന്റെ മക്കളായ ശ്രീഹരി (12), കാശിനാഥൻ (9) എന്നിവർക്കാണ് ഷോക്കേറ്റത്. കളിക്കുന്നതിനിടെയാണ് അപകടം സംഭവിച്ചത്. കാശിനാഥന്റെ പാദത്തിന് മുകളിലൂടെ വൈദ്യുതി കമ്പി കുടുങ്ങുകയായിരുന്നു. സഹോദരനെ രക്ഷിക്കാൻ ശ്രമിക്കുന്നതിനിടെയാണ് ശ്രീഹരിക്കും ഷോക്കേറ്റത്.
ലൈൻ കമ്പിയിൽ ഓല വീണതിനെ തുടർന്നാണ് വൈദ്യുതി കമ്പി പൊട്ടിവീണതെന്നാണ് വിവരം. വൈദ്യുതി കമ്പി ശരിയാക്കണമെന്ന് പലതവണ പരാതി നൽകിയിട്ടും കെഎസ്ഇബി നടപടി സ്വീകരിച്ചില്ലെന്ന് പ്രദേശവാസികൾ ആരോപിച്ചു. കുട്ടികളെ ഉടൻ വൈക്കം താലൂക്ക് ആശുപത്രിയിൽ എത്തിച്ച് ചികിത്സ നൽകി. കുട്ടികളുടെ ആരോഗ്യനിലയിൽ ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്ന് ആശുപത്രി അധികൃതർ അറിയിച്ചു.


