ന്യൂഡൽഹി: കർണാടക മുഖ്യമന്ത്രി സ്ഥാനം രാജിവെച്ച സിദ്ധരാമയ്യ കോൺഗ്രസ് ഹൈക്കമാൻഡുമായി ഡൽഹിയിൽ നിർണായക ചർച്ച നടത്തി. കോൺഗ്രസ് നേതാക്കളായ രാഹുൽ ഗാന്ധിയും മല്ലികാർജുൻ ഖർഗെയും കൂടിക്കാഴ്ചയിൽ പങ്കെടുത്തു.
ചർച്ചയിൽ മകൻ യതീന്ദ്ര സിദ്ധരാമയ്യക്ക് മന്ത്രിസഭയിൽ വിദ്യാഭ്യാസം, ആരോഗ്യം തുടങ്ങിയ പ്രധാന വകുപ്പുകൾ നൽകണമെന്ന് ആവശ്യപ്പെട്ടതായാണ് വിവരം. കൂടാതെ രാജ്യസഭാ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട സ്ഥാനാർത്ഥി നിർദേശങ്ങളും അദ്ദേഹം ഹൈക്കമാൻഡിന് കൈമാറി.
എന്നാൽ സിദ്ധരാമയ്യയെ രാജ്യസഭയിലേക്ക് പരിഗണിക്കുന്ന കാര്യം ചർച്ചയായില്ലെന്നാണ് റിപ്പോർട്ട്. ആദ്യഘട്ടത്തിൽ തന്നെ രാജ്യസഭാ നാമനിർദേശം വേണ്ടെന്ന് അദ്ദേഹം വ്യക്തമാക്കിയതായും സൂചനയുണ്ട്.
കൂടിക്കാഴ്ചയ്ക്ക് ശേഷം സിദ്ധരാമയ്യയുടെ സേവനങ്ങളെ കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖർഗെ പ്രശംസിച്ചു. സമത്വം, ഐക്യം, പിന്നാക്ക വിഭാഗങ്ങളുടെ ക്ഷേമം എന്നിവ മുൻനിർത്തിയാണ് അദ്ദേഹം പ്രവർത്തിച്ചതെന്ന് ഖർഗെ എക്സിൽ കുറിച്ചു.
അതേസമയം, കർണാടകയിൽ പുതിയ നേതൃനിര സംബന്ധിച്ച ചർച്ചകളും സജീവമാണ്. ഉപമുഖ്യമന്ത്രി സ്ഥാനത്തേക്ക് രാമലിംഗ റെഡ്ഡിയെയും, കർണാടക കോൺഗ്രസ് അധ്യക്ഷ സ്ഥാനത്തേക്ക് ഈശ്വർ ഖന്ദ്രെയെയും പരിഗണിക്കണമെന്ന ആവശ്യം പ്രവർത്തകർ മുന്നോട്ടുവെച്ചതായി റിപ്പോർട്ടുണ്ട്.






