പത്തനംതിട്ട: ശബരിമലയിലെ നെയ്യ് വിതരണ ക്രമക്കേടുകൾ ക്രൈംബ്രാഞ്ച് അന്വേഷിക്കും. ദേവസ്വം സെക്രട്ടറി എം.ജി. രാജമാണിക്യം നടത്തിയ അന്വേഷണത്തിൽ ഗുരുതര വീഴ്ചകൾ കണ്ടെത്തിയതിനെ തുടർന്നാണ് ആഭ്യന്തര വകുപ്പ് അന്വേഷണത്തിന് ഉത്തരവിട്ടത്.
മിൽമയിൽ നിന്ന് ശബരിമലയിലേക്ക് നെയ്യ് എത്തിച്ച രീതിയും പരിശോധനാ നടപടികളും ക്രൈംബ്രാഞ്ച് പരിശോധിക്കും. ഇനി മുതൽ ശബരിമലയിൽ ഉപയോഗിക്കുന്ന നെയ്യ് ഓരോ ബാച്ചായും പരിശോധിക്കുമെന്ന് സർക്കാർ അറിയിച്ചു. പുറത്തുനിന്ന് നെയ്യ് വാങ്ങുകയാണെങ്കിൽ നിർമ്മാണ കേന്ദ്രം മുതൽ ശബരിമലയിൽ എത്തുന്നതുവരെ ഡിജിറ്റൽ ട്രാക്കിംഗ് സംവിധാനം ഏർപ്പെടുത്തും.
അന്വേഷണ റിപ്പോർട്ട് പ്രകാരം, ശബരിമലയിലേക്ക് എത്തിച്ച ഒന്നര ലക്ഷത്തിലധികം ലിറ്റർ നെയ്യിൽ 30 ബാച്ചുകൾ ഉണ്ടായിരുന്നെങ്കിലും ആറിൽ നിന്നുള്ള സാമ്പിളുകൾ മാത്രമാണ് ഭക്ഷ്യസുരക്ഷാ വകുപ്പ് പരിശോധിച്ചത്. എല്ലാ ബാച്ചുകളും പരിശോധിച്ച് ഗുണനിലവാരം ഉറപ്പാക്കിയ ശേഷമേ സന്നിധാനത്തേക്ക് എത്തിക്കാവൂ എന്ന ചട്ടം പാലിച്ചില്ലെന്നാണ് റിപ്പോർട്ടിലെ കണ്ടെത്തൽ.
വ്യാജ നെയ്യ് വിതരണത്തിൽ മിൽമയിലെയും ദേവസ്വം ബോർഡിലെയും ചില ഉദ്യോഗസ്ഥരുടെ പങ്ക് സംശയിക്കുന്നതായും റിപ്പോർട്ടിൽ പറയുന്നു. ദേവസ്വം വിജിലൻസും സമാന കണ്ടെത്തലുകളാണ് നടത്തിയിരിക്കുന്നത്.
ഭക്തർ കൊണ്ടുവരുന്ന നെയ്യ് ആവശ്യത്തിന് ലഭ്യമാകുമ്പോൾ മിൽമയിൽ നിന്ന് നെയ്യ് വാങ്ങേണ്ട സാഹചര്യമെന്തായിരുന്നു എന്നതിലും അന്വേഷണം നടക്കും. ക്രമക്കേട് കണ്ടെത്തിയതിനെ തുടർന്ന് ശബരിമലയിൽ ഇനി മിൽമയുടെ നെയ്യ് ഉപയോഗിക്കേണ്ടതില്ലെന്ന് ദേവസ്വം ബോർഡ് തീരുമാനിച്ചു.




