തിരുവനന്തപുരം: സംസ്ഥാനത്ത് അതിതീവ്ര മഴയ്ക്ക് സാധ്യതയുള്ളതിനാൽ എട്ട് ജില്ലകളിൽ റെഡ് അലർട്ട് പ്രഖ്യാപിച്ചു. ഇടുക്കി, കോട്ടയം, പത്തനംതിട്ട, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർകോട് ജില്ലകളിലാണ് റെഡ് അലർട്ട്. മറ്റ് ജില്ലകളിൽ ഓറഞ്ച് അലർട്ടും തുടരുകയാണ്.
ശക്തമായ മഴയെ തുടർന്ന് പത്തനംതിട്ട, വയനാട്, ഇടുക്കി, കോട്ടയം, പാലക്കാട്, കോഴിക്കോട്, മലപ്പുറം, ആലപ്പുഴ, കണ്ണൂർ ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് ഇന്ന് അവധി പ്രഖ്യാപിച്ചു. അങ്കണവാടികൾ, സ്കൂളുകൾ, ട്യൂഷൻ സെന്ററുകൾ, മദ്രസകൾ, പ്രൊഫഷണൽ കോളേജുകൾ എന്നിവയ്ക്കും അവധി ബാധകമാണ്. എന്നാൽ മുൻകൂട്ടി നിശ്ചയിച്ച പരീക്ഷകൾക്ക് മാറ്റമില്ല. ചില ജില്ലകളിൽ ഓൺലൈൻ ക്ലാസുകൾ നടത്തുന്നതിന് വിലക്കില്ല.
കനത്ത മഴയിൽ ഇടുക്കി കുടയത്തൂർ അടൂർമലയിൽ ഉരുൾപൊട്ടലുണ്ടായി. നിരവധി വീടുകളിൽ വെള്ളം കയറിയിട്ടുണ്ട്. കോട്ടയം ജില്ലയിലെ മലയോര മേഖലകളിലും ശക്തമായ മഴ തുടരുകയാണ്. മണിമലയാറും മീനച്ചിലാറും കരകവിഞ്ഞൊഴുകുകയാണ്. കൂട്ടിക്കൽ, കൊക്കയാർ, മൂന്നിലവ് തുടങ്ങിയ പ്രദേശങ്ങളിൽ മണ്ണിടിച്ചിലും റിപ്പോർട്ട് ചെയ്തിട്ടുണ്ട്.
മഴ ശക്തമായി തുടരുന്നതിനാൽ ജനങ്ങൾ ജാഗ്രത പാലിക്കണമെന്ന് അധികൃതർ നിർദേശിച്ചു. ദുരന്തസാധ്യതയുള്ള പ്രദേശങ്ങളിൽ താമസിക്കുന്നവർ ആവശ്യമായ മുൻകരുതലുകൾ സ്വീകരിക്കണമെന്നും മുന്നറിയിപ്പുകൾ കർശനമായി പാലിക്കണമെന്നും അധികൃതർ അറിയിച്ചു.


