പ്രദീപ് രംഗനാഥനും മമിത ബൈജുവും പ്രധാന വേഷത്തിലെത്തുന്ന ‘ഡ്യൂഡി’ലെ പുതിയ ഗാനം പുറത്ത്. ‘സിങ്കാരി’ എന്ന ഗാനത്തിന്റെ ലിറിക്കൽ വിഡിയോ ആണ് പുറത്തുവന്നിരിക്കുന്നത്. സഞ്ജയ് സെംവിയുടെ വരികൾക്ക് സംഗീതം നൽകിയിരിക്കുന്നത് സായ് അഭ്യങ്കറാണ്. പ്രദീപ് രംഗനാഥനൊപ്പം അപർണ ഹരികുമാർ, യാസിനി, സുസ്മിത നരസിംഹ, രാജീവ് ഗണേഷ് എന്നിവർ ചേർന്നാണ് ഗാനം ആലപിച്ചിരിക്കുന്നത്.
ചുരുങ്ങിയ സമയത്തിനകം വലിയ സ്വീകാര്യതയാണ് ഗാനത്തിന് ലഭിക്കുന്നത്. ദിവസങ്ങൾക്കുള്ളിൽ ലക്ഷക്കണക്കിന് കാഴ്ചക്കാരെയാണ് വിഡിയോ സ്വന്തമാക്കിയത്. പ്രദീപ് രംഗനാഥിന്റെ ആലാപനത്തിന് വലിയ അഭിനന്ദനങ്ങൾ ലഭിക്കുന്നുണ്ട്. സായ് അഭ്യങ്കർ – പ്രദീപ് രംഗനാഥൻ കോംബോ അടിപൊളിയാണെന്നാണ് പലരും കമന്റ് ചെയ്തിരിക്കുന്നത്.
നേരത്തെ പുറത്തുവന്ന ചിത്രത്തിലെ ‘ഊരും ബ്ലഡ്’ എന്ന ഗാനവും സമൂഹമാധ്യമങ്ങളിൽ വൈറലായിരുന്നു. പുറത്തിറങ്ങിയ ആദ്യ ദിവസങ്ങളിൽ വലിയ വിമർശനങ്ങൾ നേരിട്ട ഗാനം പിന്നീട് വൈറലാവുകയായിരുന്നു. സായ് അഭ്യങ്കർ സംഗീതമൊരുക്കിയ ഈ ഗാനം സായിയും ദീപ്തി സുരേഷും ചേർന്നാണ് ആലപിച്ചിരിക്കുന്നത്. ചിത്രത്തിലെ മറ്റു ഗാനങ്ങളും തരംഗമാവും എന്ന പ്രതീക്ഷയിലാണ് ആരാധകർ.




