ന്യൂഡൽഹി: സമഗ്ര വോട്ടർ പട്ടിക പരിഷ്‌കരണത്തിനെതിരെ (എസ്‌ഐആർ) ഫയൽ ചെയ്ത ഹർജിയിൽ സുപ്രീംകോടതിയിൽ നേരിട്ട് ഹാജരായി വാദിക്കാനെത്തി പശ്ചിമബംഗാൾ മുഖ്യമന്ത്രി മമതാ ബാനർജി. എസ്‌ഐആറിൽ ക്രമക്കേടുണ്ടെന്നാരോപിച്ച് സമർപ്പിച്ച പെറ്റീഷൻ ഇൻ പേഴ്സൺ ഹർജിയിലാണ് അസാധാരണമായ നീക്കം. അഭിഭാഷക കുപ്പായമണിഞ്ഞാണ് മമതാ കോടതിയിലെത്തിയത്. ഇതോടെ കോടതി പരിസരത്ത് വൻ സുരക്ഷയാണ് ഒരുക്കിയിരിക്കുന്നത്. ചീഫ് ജസ്റ്റിസ് സൂര്യകാന്ത്, ജസ്റ്റിസുമാരായ ജോയ്മല്യ ബാഗ്ചി, വിപുല്‍ പഞ്ചോളി എന്നിവരടങ്ങിയ ബഞ്ചാണ് കേസ് പരിഗണിക്കുന്നത്.
എസ്ഐആർ നടപ്പിലാക്കുന്ന പ്രവൃത്തികൾ ബംഗാളിൽ നടക്കുമ്പോൾ ജനങ്ങൾക്കുണ്ടാകുന്ന ബുദ്ധിമുട്ടുകൾ കോടതിയെ അറിയിക്കുകയാണ് മമതയുടെ പ്രധാന ഉദ്ദേശം. എസ്ഐആർ നടപ്പിലാക്കാൻ തിരഞ്ഞെടുപ്പ് കമ്മീഷൻ പുറപ്പെടുവിച്ച വിവിധ ഉത്തരവുകൾ റദ്ദാക്കണമെന്നും മമത ഹർജിയിൽ ആവശ്യപ്പെടുന്നുണ്ട്. നിലവിലുള്ള നിയമങ്ങളും ചട്ടങ്ങളും ലംഘിച്ചാണ് വോട്ടർ പട്ടിക പുതുക്കൽ നടപടികൾ നടക്കുന്നതെന്നാണ് ഹർജിയിൽ മമത ആരോപിക്കുന്നത്.
എസ്‌ഐആര്‍ നടപടിക്രമങ്ങൾക്കിടെ ഏകദേശം 140 പേര്‍ മരിച്ചതായും മമത ചൂണ്ടിക്കാട്ടുന്നുണ്ട്. മതിയായ പരിശീലനമോ വൈദഗ്ധ്യമോ ഇല്ലാത്ത 8,100 മൈക്രോ ഒബ്‌സര്‍വര്‍മാരെ വിന്യസിച്ചതിനെയും ഹര്‍ജിയില്‍ ചോദ്യം ചെയ്യുന്നുണ്ട്. തൃണമൂല്‍ കോണ്‍ഗ്രസ് നല്‍കിയ ഹര്‍ജി കോടതിയുടെ പരിഗണനയിലിരിക്കെയാണ് മമത പുതിയ ഹര്‍ജി സമര്‍പ്പിച്ചിരിക്കുന്നത്.




