ന്യൂഡല്‍ഹി: തീവ്ര വോട്ടര്‍ പട്ടിക പരിഷ്‌കരണത്തിന്റെ രണ്ടാം ഘട്ടം പൂര്‍ത്തിയായപ്പോള്‍ 12 സംസ്ഥാനങ്ങളിലും കേന്ദ്ര ഭരണ പ്രദേശങ്ങളിലും നിന്നുമായി നീക്കം ചെയ്തത് ഏകദേശം 5.18 കോടി പേരെ. കഴിഞ്ഞ വര്‍ഷങ്ങളില്‍ മരിച്ച അറുപത് ലക്ഷം പേരെയും എസ്ഐആറിലൂടെ വോട്ടര്‍പട്ടികയില്‍ നിന്നും നീക്കം ചെയ്തിട്ടുണ്ടെന്നും പിടിഐ റിപ്പോര്‍ട്ട് ചെയ്യുന്നു.
രണ്ടാം ഘട്ടം പൂര്‍ത്തിയാകുമ്പോള്‍ 45.81 കോടി വോട്ടര്‍മാരാണ് പട്ടികയിലുള്ളത്. പത്ത് ശതമാനത്തോളം പേരെയാണ് തീവ്ര പരിഷ്‌കരണത്തിലൂടെ നീക്കം ചെയ്തത്. മരണമടഞ്ഞ 66,88,636 വോട്ടര്‍മാരെ നീക്കി. ഉത്തര്‍പ്രദേശില്‍ നിന്നാണ് കൂടുതല്‍ പേരെ നീക്കിയിട്ടുള്ളത്. 25.47 ലക്ഷം പേരെയാണ് യുപിയില്‍ നീക്കിയത്. പശ്ചിമ ബംഗാളില്‍ നിന്നും ഏകദേശം 24.16 ലക്ഷം പേരുകള്‍ നീക്കം ചെയ്തിട്ടുണ്ട്.




