കൊച്ചി: സ്വാതന്ത്ര്യദിനത്തോടനുബന്ധിച്ച് കൊച്ചി അന്താരാഷ്ട്ര വിമാനത്താവളത്തിലെ സുരക്ഷാ ക്രമീകരണങ്ങൾ ശക്തമാക്കും. ഓഗസ്റ്റ് 20 വരെയാണ് പ്രത്യേക സുരക്ഷാ ക്രമീകരണങ്ങൾ ഏർപ്പെടുത്തുന്നത്. ബ്യൂറോ ഓഫ് സിവിൽ ഏവിയേഷൻ സെക്യൂരിറ്റിയുടെ നിർദേശപ്രകാരമാണ് നടപടി.
ഇതിന്റെ ഭാഗമായി വിമാനത്താവളത്തിനകത്തും പുറത്തുമുള്ള നിരീക്ഷണം ശക്തമാക്കും. ഓഗസ്റ്റ് 20 വരെ ആഭ്യന്തര, അന്താരാഷ്ട്ര ടെർമിനലുകളിൽ സന്ദർശകർക്ക് പ്രവേശനം അനുവദിക്കില്ല.
സുരക്ഷാ പരിശോധനകൾക്ക് കൂടുതൽ സമയം ആവശ്യമായേക്കുന്നതിനാൽ ആഭ്യന്തര, അന്തർദേശീയ സർവീസുകളിലെ യാത്രക്കാർ പതിവിലും നേരത്തെ വിമാനത്താവളത്തിൽ എത്തണമെന്ന് അധികൃതർ നിർദേശിച്ചു.
യാത്രക്കാരുടെയും ബാഗേജുകളുടെയും കാർഗോ ചരക്കുകളുടെയും സുരക്ഷാ പരിശോധന കൂടുതൽ കർശനമാക്കും. പതിവ് പരിശോധനകൾക്ക് പുറമെ വിമാനത്തിൽ കയറുന്നതിന് തൊട്ടുമുമ്പ് ലാഡർ പോയിന്റിലും യാത്രക്കാർക്ക് അധിക സുരക്ഷാ പരിശോധന നടത്തും.
വിമാനത്താവള പരിസരത്തെ വാഹന പരിശോധനയും കൂടുതൽ ശക്തമാക്കും. സുരക്ഷാ ക്രമീകരണങ്ങളുടെ ഭാഗമായി വിമാനത്താവളത്തിനകത്തും പുറത്തും പ്രത്യേക നിരീക്ഷണവും ഏർപ്പെടുത്തും.




