തിരുവനന്തപുരം: പേയാട് കാവടിക്കടവിൽ കരമനയാറ്റിൽ കുളിക്കാനിറങ്ങിയ സൈനികൻ ഒഴുക്കിൽപ്പെട്ട് കാണാതായി. കോഴിക്കോട് സ്വദേശിയായ സുജിത്താണ് അപകടത്തിൽപ്പെട്ടത്. പാങ്ങോട് മിലിട്ടറി ക്യാമ്പിലെ ഉദ്യോഗസ്ഥനാണ് അദ്ദേഹം.
മിലിട്ടറി ക്യാമ്പിലെ ബ്രിട്ടോ, അഭിജിത്ത്, ശ്രീയേഷ് എന്നിവരോടൊപ്പം കുളിക്കാനിറങ്ങിയപ്പോഴാണ് സംഭവം നടന്നത്. ശക്തമായ ഒഴുക്കിൽപ്പെട്ട സുജിത്തിന് കരയിലെത്താൻ കഴിഞ്ഞില്ല.
സംഭവത്തെ തുടർന്ന് സ്‌കൂബാ ടീം സ്ഥലത്തെത്തി തിരച്ചിൽ ആരംഭിച്ചു. കഴിഞ്ഞ ദിവസങ്ങളിലെ ശക്തമായ മഴയെ തുടർന്ന് കരമനയാറ്റിൽ ജലനിരപ്പ് ഉയർന്നതും ശക്തമായ അടിയൊഴുക്ക് ഉണ്ടായതുമാണ് രക്ഷാപ്രവർത്തനത്തിന് തടസ്സമാകുന്നത്.
മുൻപും അപകടങ്ങൾ റിപ്പോർട്ട് ചെയ്തിട്ടുള്ള പ്രദേശമാണിത് എന്ന് നാട്ടുകാർ പറയുന്നു.






