തിരുവനന്തപുരം: ‘ദൃഢം’ സിനിമക്കെതിരെ മുൻ ഡിജിപി ആർ. ശ്രീലേഖ ആരോപണവുമായി രംഗത്ത്. തന്റെ ചെറുകഥ മോഷ്ടിച്ചാണ് സിനിമ ഒരുക്കിയതെന്നാണ് ആരോപണം. വർഷങ്ങൾക്ക് മുമ്പ് മാതൃഭൂമി വാരികയിൽ പ്രസിദ്ധീകരിച്ച ‘കരിങ്കൊടി പൊലീസ് സ്റ്റേഷൻ’ എന്ന ചെറുകഥയാണ് സിനിമയാക്കിയത്.
കൂടാതെ, മൂന്ന് വർഷം മുൻപ് തന്റെ യൂട്യൂബ് ചാനലിൽ പങ്കുവെച്ച അനുഭവകഥയും ‘ഭൂതകാലം’ എന്ന സിനിമയിലേക്ക് അനധികൃതമായി ഉപയോഗിച്ചതായി അവർ ആരോപിച്ചു. സിനിമയുടെ പേരിലും സാമ്യമുണ്ടെന്നും, തന്റെ കഥയ്ക്ക് ആദ്യം നൽകിയ പേര് ‘ഭൂത ഭവനം’ ആയിരുന്നെന്നും അവർ വ്യക്തമാക്കി. ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് ഇക്കാര്യം ശ്രീലേഖ അറിയിച്ചത്.
വിവാദത്തിലായ ഈ രണ്ട് സിനിമകൾക്കും തമ്മിൽ മറ്റൊരു പ്രധാന കണക്‌ഷൻ കൂടിയുണ്ടെന്നും ശ്രീലേഖ പറയുന്നു. രണ്ട് ചിത്രങ്ങളിലെയും നായകൻ ഷെയ്ൻ നിഗം ആണെന്നതാണത്. ‘പറവ’ എന്ന സിനിമ മുതൽ തന്നെ ഷെയ്ൻ നിഗത്തെ തനിക്ക് ഏറെ ഇഷ്ടമാണെന്നും ശ്രീലേഖ പറയുന്നു.
പൊലീസുകാരുടെ ജീവിതം പശ്ചാത്തലമാക്കി ഒരുക്കിയ ‘ദൃഢം’ ജോമോൻ ജോൺ, ലിന്റോ ദേവസ്യ എന്നിവർ ചേർന്നാണ് കഥയും തിരക്കഥയും സംഭാഷണവും ഒരുക്കിയിരിക്കുന്നത്. എസ്.ഐ വിജയ് രാധാകൃഷ്ണനായി ഷെയ്ൻ നിഗം അഭിനയിക്കുന്നു.
രാഹുൽ സദാശിവൻ സംവിധാനം ചെയ്ത ‘ഭൂതകാലം’ ചിത്രത്തിൽ ഷെയ്ൻ നിഗവും രേവതിയും പ്രധാന വേഷങ്ങളിൽ എത്തുന്നു.






