നാഗ്പുർ : ഇന്ത്യയുടെ അതിവേഗത്തിലുള്ള വളർച്ച കണ്ടു ഭയക്കുന്നവരാണു രാജ്യത്തിനു മേൽ തീരുവ ഏർപ്പെടുത്തുന്നതെന്നു ആർഎസ്എസ് മേധാവി മോഹൻ ഭാഗവത്. യുഎസിനെ പേരെടുത്തു പരാമർശിക്കാതെയാണ് മോഹൻ ഭാഗവതിന്റെ വിമർശനം. നാഗ്പുരിൽ ബ്രഹ്മകുമാരീസ് വിശ്വശാന്തി സരോവർ സംഘടിപ്പിച്ച പരിപാടിയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
‘‘ഇന്ത്യ വളരുമ്പോൾ ലോകത്ത് അവരുടെ സ്ഥാനം നഷ്ടമാകുമോയെന്നു ചിലർ ഭയക്കുന്നു. ഇതു കാരണമാണ് തീരുവ ചുമത്തുന്നത്. എന്തിനാണ് ഇതു ചെയ്യുന്നത് ? നിങ്ങൾ ഏഴു കടലുകൾക്കപ്പുറത്താണ്. എന്നാൽ ‘ഞാൻ, എന്റേത്’ എന്ന ചിന്ത കാരണം നിങ്ങൾക്കു ഭയമാണ്. സ്വാർഥ ചിന്തകൾ കൊണ്ടാണ് ഇതെല്ലാം സംഭവിക്കുന്നത്. ലോകത്തിന് ഇന്ന് എല്ലാ കാര്യത്തിലും ഒരു പരിഹാരം ആവശ്യമാണ്. അവർ അപൂർണമായ കാഴ്ചപ്പാടിലൂടെയാണ് പരിഹാരത്തിനു ശ്രമിച്ചത്. അതിനാൽ വിജയിക്കാനും സാധിച്ചില്ല’’ – മോഹൻ ഭാഗവത് പറഞ്ഞു.
‘‘നമ്മുടെ ഉള്ളിൽ ശത്രുത ഇല്ലെങ്കിൽ ആരും നമ്മുടെ ശത്രുവല്ല. നേരത്തെ, നമുക്കു പാമ്പുകളെ ഭയമായിരുന്നു. എന്നാൽ എല്ലാ പാമ്പുകളും വിഷമുള്ളവയല്ലെന്നു പിന്നീട് നമ്മൾ അറിവുനേടി. അതോടെ പാമ്പുകളെ നമ്മൾ വെറുതെവിടാൻ തുടങ്ങി. അറിവ് ഭയത്തേയും വിവേചനത്തെയും ഇല്ലാതാക്കി. മനുഷ്യരും രാഷ്ട്രങ്ങളും അവരുടെ യഥാർഥ സ്വത്വം മനസ്സിലാക്കിയില്ലെങ്കിൽ പ്രശ്നങ്ങളെ അഭിമുഖീകരിച്ചുകൊണ്ടേയിരിക്കും. നമ്മൾ അനുകമ്പ പ്രകടിപ്പിക്കുകയും ഭയത്തെ മറികടക്കുകയും ചെയ്താൽ പിന്നെ ശത്രുക്കൾ ഉണ്ടാവില്ല’’ – അദ്ദേഹം പറഞ്ഞു.






