ഡല്‍ഹി: ലഡാക്ക് സംഘര്‍ഷവുമായി ബന്ധപ്പെട്ട് ജയിലില്‍ കഴിയുന്ന പരിസ്ഥിതി പ്രവര്‍ത്തകന്‍ സോനം വാങ്ചുക്കിന്റെ മോചനം ആവശ്യപ്പെട്ട് ഭാര്യ ഗീതാഞ്ജലി ജെ അങ്‌മോ നല്‍കിയ ഹെബിയസ് കോര്‍പ്സ് ഹര്‍ജിയില്‍ സുപ്രീം കോടതി നോട്ടീസ് അയച്ചു. കേന്ദ്ര സര്‍ക്കാര്‍, ലഡാക്ക് ഭരണകൂടം, രാജസ്ഥാന്‍ സര്‍ക്കാര്‍ എന്നിവര്‍ക്കാണ് കോടതി നോട്ടീസ് അയച്ചത്. ജസ്റ്റിസുമാരായ അരവിന്ദ് കുമാര്‍, എന്‍വി അഞ്ചാരിയ എന്നിവരടങ്ങിയ ബെഞ്ചിന്റേതാണ് തീരുമാനം. ഈ മാസം 14 ന് ഹര്‍ജി വീണ്ടും പരിഗണിക്കും.
വാങ് ചുക്കിനെ കസ്റ്റഡിയിലെടുത്ത വിവരം ഭാര്യയെ അയക്കാതിരുന്നത് എന്തുകൊണ്ടാണെന്ന കേന്ദ്രസര്‍ക്കാരിനോട് കോടതി ചോദിച്ചു. വാങ് ചുക്കിന് വൈദ്യസഹായം ഉറപ്പാക്കണമെന്ന് കോടതി നിര്‍ദ്ദേശവും കോടതി മുന്നോട്ട് വെച്ചു. ജയില്‍ നിയമപ്രകാരം നല്‍കേണ്ട സൗകര്യങ്ങള്‍ ഉറപ്പാക്കണമെന്നും കോടതി പറഞ്ഞു. അതേസമയം ലഡാക്കില്‍ സമാധാനം ഉറപ്പിക്കാന്‍ അനുനയ നീക്കങ്ങള്‍ കേന്ദ്രസര്‍ക്കാര്‍ തുടരുകയാണ്. വാങ്ചുക്കിനെ മോചിപ്പിക്കാതെ ചര്‍ച്ചയിലേക്ക് കടക്കില്ല എന്നുള്ളതാണ് ലേ അപ്പക്‌സ് ബോഡി, കാര്‍ഗില്‍ ഡെമോക്രാറ്റിക് അലൈന്‍സ് എന്നിവരുടെ നിലപാട്.
സംസ്ഥാന പദവി ആവശ്യപ്പെട്ട് ലഡാക്കില്‍ നിരാഹാര സമരം നയിക്കുകയായിരുന്നു സോനം വാങ്ചുക്. ലഡാക്കില്‍ നിന്നുള്ള പരിസ്ഥിതി പ്രവര്‍ത്തകനും സാമൂഹ്യ പരിഷ്‌കരണ വാദിയുമായ ഇദ്ദേഹത്തെ ലഡാക്കിലെ പ്രതിഷേധം സംഘര്‍ഷത്തില്‍ കലാശിച്ചതിന് പിന്നാലെ സെപ്തംബര്‍ 26നാണ് കസ്റ്റഡിയിലെടുത്തത്. നാല് പേര്‍ കൊല്ലപ്പെട്ട സംഘര്‍ഷത്തില്‍ 90 പേര്‍ക്ക് പരിക്കേറ്റിരുന്നു










