കൊൽക്കത്ത: പശ്ചിമ ബംഗാളിൽ തൃണമൂൽ കോൺഗ്രസിലെ 50 എംഎൽഎമാരും 20 എംപിമാരും ബി.ജെ.പി.യിലേക്ക് എത്താൻ തയ്യാറാണെന്ന അവകാശവാദവുമായി ബി.ജെ.പി. എംപി സൗമിത്ര ഖാൻ. കേന്ദ്ര നേതൃത്വം അനുമതി നൽകിയാൽ പാർട്ടിമാറ്റത്തിന് ഇവർ സന്നദ്ധരാണെന്നും അദ്ദേഹം പറഞ്ഞു.
തൃണമൂൽ നേതാവ് അഭിഷേക് ബാനർജിയെ രൂക്ഷമായി വിമർശിച്ച സൗമിത്ര ഖാൻ, അഴിമതിയിൽപ്പെട്ടവർക്ക് ഉടൻ ശിക്ഷ ലഭിക്കുമെന്നും ജയിലിൽ പോകേണ്ടിവരുമെന്നും ആരോപിച്ചു. അഭിഷേകിന്റെ വീടിന് മുന്നിൽ ഇപ്പോൾ ‘ബുൾഡോസർ’ നിൽക്കുകയാണെന്നും അദ്ദേഹം പരാമർശിച്ചു.
പശ്ചിമ ബംഗാളിലെ വിവിധ നഗരസഭകളിലായി നൂറോളം തൃണമൂൽ കൗൺസിലർമാർ നിയമസഭാ തിരഞ്ഞെടുപ്പ് ഫലത്തിന് ശേഷം രാജിവെച്ചതായാണ് റിപ്പോർട്ടുകൾ. തൃണമൂൽ കോൺഗ്രസിന്റെ മുതിർന്ന നേതാവും മമത ബാനർജിയുടെ അടുത്ത അനുയായിയുമായ കാകോലി ഘോഷ് ദസ്തീദാർ അടുത്തിടെ ബി.ജെ.പി. നേതാവ് സുവേന്ദു അധികാരിയുടെ യോഗത്തിൽ പങ്കെടുത്തതും രാഷ്ട്രീയ വിവാദങ്ങൾക്ക് വഴിവെച്ചിരുന്നു. ഇവർക്ക് കേന്ദ്രസർക്കാർ വൈ വിഭാഗം സുരക്ഷയും അനുവദിച്ചിട്ടുണ്ട്.
അതേസമയം, സൗമിത്ര ഖാന്റെ അവകാശവാദങ്ങൾ തൃണമൂൽ കോൺഗ്രസ് തള്ളി. പാർട്ടിക്കുള്ളിൽ പ്രശ്നങ്ങളൊന്നുമില്ലെന്നും ഇത് ബി.ജെ.പി.യുടെ വ്യാജ പ്രചാരണമാണെന്നും തൃണമൂൽ എംപി സൗഗത റോയ് പ്രതികരിച്ചു.
അടുത്ത വർഷം പശ്ചിമ ബംഗാളിൽ തദ്ദേശ തിരഞ്ഞെടുപ്പ് നടക്കാനിരിക്കെയാണ് തൃണമൂൽ കോൺഗ്രസിനുള്ളിലെ അഭിപ്രായ ഭിന്നതകളും കൂറുമാറ്റ സാധ്യതകളുമായി ബന്ധപ്പെട്ട ചർച്ചകൾ ശക്തമാകുന്നത്. അഴിമതി ആരോപണങ്ങളും കേന്ദ്ര ഏജൻസികളുടെ അന്വേഷണങ്ങളും മമത ബാനർജിയെയും പാർട്ടി നേതൃത്വത്തെയും കൂടുതൽ സമ്മർദ്ദത്തിലാക്കുന്ന സാഹചര്യവുമാണുള്ളത്.






