തിരുവനന്തപുരം: വലിയ വിവാദങ്ങൾക്കും രാഷ്ട്രീയ ചർച്ചകൾക്കും വഴിവെച്ച ‘കേരള സ്റ്റോറി’യുടെ രണ്ടാം ഭാഗമായ ‘ബിയോണ്ട് ദ കേരള സ്റ്റോറി’ക്കെതിരെ രൂക്ഷമായ വിമർശനവുമായി സാമൂഹ്യപ്രവർത്തക ശ്രീജ നെയ്യാറ്റിൻകര. സിനിമയുടെ ട്രെയിലർ പുറത്തുവന്നതിന് പിന്നാലെ തന്റെ ഫേസ്ബുക്ക് കുറിപ്പിലൂടെയാണ് അവർ നിലപാട് വ്യക്തമാക്കിയത്. ചിത്രം കേവലം ഒരു സിനിമയല്ലെന്നും, മുസ്ലീങ്ങൾക്കെതിരെ വർഗീയതയും വെറുപ്പും മാത്രം ലക്ഷ്യം വെക്കുന്ന പ്രൊപ്പഗണ്ട സൃഷ്ടിയാണെന്നും അവർ ആരോപിച്ചു.
കേരളത്തിന്റെ മതേതരത്വത്തെയും സമാധാനപരമായ സാമൂഹികാന്തരീക്ഷത്തെയും നേരിട്ട് വെല്ലുവിളിക്കുന്ന ഇത്തരം സിനിമകൾക്കെതിരെ മതേതര കേരളത്തിൽ നിന്ന് ശക്തമായ പ്രതിഷേധങ്ങൾ ഉയരണമെന്ന് ശ്രീജ ആവശ്യപ്പെട്ടു. മുസ്ലീം വിരുദ്ധതയും വിദ്വേഷവുമാണ് ട്രെയിലറിലുടനീളം നിറഞ്ഞുനിൽക്കുന്നതെന്നും ഇത് സമൂഹത്തിൽ ഭിന്നതയുണ്ടാക്കാൻ ബോധപൂർവം നിർമ്മിച്ചതാണെന്നും കുറിപ്പിൽ പറയുന്നു.
തന്റെ വ്യക്തിപരമായ അനുഭവങ്ങൾ പങ്കുവെച്ചുകൊണ്ടാണ് സിനിമയിലെ മതപരിവർത്തന ആരോപണങ്ങളെ അവർ പ്രതിരോധിച്ചത്. എണ്ണമറ്റ മുസ്ലീം വീടുകളിൽ താൻ താമസിച്ചിട്ടുണ്ടെന്നും അവരോടൊപ്പം യാത്രകളും ഭക്ഷണവും പങ്കിട്ടിട്ടുണ്ടെന്നും ശ്രീജ ഓർമ്മിപ്പിച്ചു. ആ സന്ദർഭങ്ങളിലെല്ലാം “ദൈവം അനുഗ്രഹിക്കട്ടെ, നിങ്ങൾ ഞങ്ങളുടെ പ്രാർത്ഥനയിലുണ്ട്” എന്ന സ്നേഹവാക്കുകളല്ലാതെ ഒരിക്കൽ പോലും മതപരിവർത്തനത്തെക്കുറിച്ച് ആരും സംസാരിച്ചിട്ടില്ലെന്ന് അവർ വ്യക്തമാക്കി. സിനിമ മുന്നോട്ടുവെക്കുന്ന വിദ്വേഷ രാഷ്ട്രീയത്തെ കേരളം തിരിച്ചറിയണമെന്നും അവർ കുറിപ്പിലൂടെ ആഹ്വാനം ചെയ്തു.










