കർണാടക: ചിക്കമഗളൂരുവിൽ വിനോദസഞ്ചാരത്തിനിടെ മരിച്ച ശ്രീനന്ദയുടെ കേസിൽ കുടുംബത്തിന്റെ ആരോപണങ്ങൾ തള്ളി കർണാടക പൊലീസ്. കുട്ടിയെ ആരെങ്കിലും അപായപ്പെടുത്തിയെന്ന സാധ്യത നിലവിൽ ഇല്ലെന്നാണ് അന്വേഷണസംഘത്തിന്റെ പ്രാഥമിക നിഗമനം. പ്രാഥമിക പോസ്റ്റ്മോർട്ടം റിപ്പോർട്ടിലും അസ്വാഭാവികതകളൊന്നും കണ്ടെത്താനായിട്ടില്ലെന്ന് പൊലീസ് അറിയിച്ചു.
ശ്രീനന്ദ കാലുതെന്നി വീണതോ അല്ലെങ്കിൽ സ്വമേധയാ ചാടിയതോ ആകാമെന്നാണു പൊലീസ് വിലയിരുത്തൽ. സംഭവസ്ഥലത്തെ സാഹചര്യങ്ങളും നടത്തിയ പരിശോധനകളും ഈ നിഗമനത്തിന് പിന്തുണയാകുന്നതായും ഉദ്യോഗസ്ഥർ വ്യക്തമാക്കി. വിശദമായ അന്വേഷണം തുടർന്നുകൊണ്ടിരിക്കുകയാണ്.
അതേസമയം, ശ്രീനന്ദയുടെ മൃതദേഹം പാലക്കാട് ഒറ്റപ്പാലം കടമ്പഴിപ്പുറത്തെ വീട്ടിലെത്തിച്ചു. കർണാടക പൊലീസിന്റെ അകമ്പടിയോടെയാണ് മൃതദേഹം എത്തിച്ചത്. നിരവധി പേർ അവസാനമായി കാണാൻ എത്തി. ചിക്കമഗളൂരുവിലെ മാണിക്യധാര വെള്ളച്ചാട്ടത്തിന് സമീപം കാണാതായ ശ്രീനന്ദയുടെ മൃതദേഹം ഏകദേശം 1500 അടി താഴ്ചയിൽ നിന്നാണ് കണ്ടെത്തിയത്. തെർമൽ ഡ്രോണിന്റെ സഹായത്തോടെ നടത്തിയ തിരച്ചിലിലാണ് മൃതദേഹം കണ്ടെത്തിയത്. കടമ്പഴിപ്പുറം സ്വദേശികളായ രമേശിന്റെയും രോഹിണിയുടെയും മകളാണ് 15 വയസുകാരിയായ ശ്രീനന്ദ.




