തിരുവനന്തപുരം: ആറുവരിപ്പാതയിലൂടെ സ്റ്റേജ് കാര്യേജ് ബസുകൾ സർവീസ് നടത്തുന്നതിന് മോട്ടോർ വാഹന വകുപ്പ് നിയന്ത്രണം കടുപ്പിച്ചു. സർവീസ് റോഡ് ഉപയോഗിക്കാതെ ആറുവരിപ്പാതയിലൂടെ സർവീസ് നടത്തുന്ന ബസുകൾക്കെതിരെ നടപടി സ്വീകരിക്കുമെന്ന് എംവിഡി അറിയിച്ചു. യാത്രക്കാരെ ഹൈവേയിൽ ഇറക്കിവിടുന്നതായി വ്യാപകമായി പരാതി ഉയർന്ന പശ്ചാത്തലത്തിലാണ് നടപടി.
സ്ത്രീകളും കുട്ടികളും വയോധികരും ഹൈവേയിൽ ഇറങ്ങിയ ശേഷം കിലോമീറ്ററുകളോളം നടക്കേണ്ടിവരുന്നതായാണ് പരാതി. ആറുവരിപ്പാതയിൽ ഒരിടത്തും ബസ് നിർത്താനോ യാത്രക്കാരെ ഇറക്കാനോ അനുമതിയില്ലെന്ന് എംവിഡി വ്യക്തമാക്കി. പുതിയ ദേശീയപാതയിൽ ബസ് സ്റ്റോപ്പുകൾ അനുവദിച്ചിട്ടില്ലെന്നും അധികൃതർ അറിയിച്ചു. സർവീസ് റോഡ് ഒഴിവാക്കി ബസ് ഓടിക്കുന്നവർക്കെതിരെ ശക്തമായ നിയമനടപടി സ്വീകരിക്കുമെന്നും എംവിഡി മുന്നറിയിപ്പ് നൽകി.
അതിനിടെ, ദേശീയപാതയിലെ ആറുവരിപ്പാതയിൽ കെഎസ്ആർടിസി ബസ് തെറ്റായ ദിശയിൽ പിറകോട്ടെടുത്ത് അപകടകരമായി യാത്ര നടത്തിയതിന്റെ ദൃശ്യങ്ങളും പുറത്തുവന്നു. മലപ്പുറം കോട്ടക്കൽ സ്വാഗതമാടാണ് സംഭവം. കഴിഞ്ഞ ദിവസം സ്വകാര്യ ടൂറിസ്റ്റ് ബസ് പിറകോട്ടെടുത്ത അതേ സ്ഥലത്താണ് കെഎസ്ആർടിസി ബസും സമാന രീതിയിൽ യാത്ര നടത്തിയത്.
പിറകോട്ടെടുത്ത ബസ് തെറ്റായ ദിശയിലൂടെ സർവീസ് റോഡിലേക്ക് കയറുകയായിരുന്നു. ഏകദേശം 150 മീറ്ററോളം ദൂരം ബസ് പിറകോട്ടെടുത്തു. പിറകിൽനിന്ന് വാഹനങ്ങൾ വന്നുകൊണ്ടിരിക്കെയാണ് ബസ് അപകടകരമായി പിറകോട്ടെടുത്തത്. ദേശീയപാതയിൽ തുടർച്ചയായി അപകടങ്ങൾ ഉണ്ടാകുന്നതിനിടയിലും ഇത്തരം അനാസ്ഥകൾക്കെതിരെ നടപടി ഉണ്ടാകുന്നില്ലെന്ന വിമർശനവും ശക്തമാണ്.




