ചെന്നൈ: കരൂർ ദുരന്തത്തിൽ ടിവികെ നേതാവ് വിജയിയെ പ്രതി ആക്കാത്തത് മുഖ്യമന്ത്രി സ്റ്റാലിന്റെ നേരിട്ടുള്ള ഇടപെടലിനാലാണെന്ന സൂചനകൾ ഉയരുന്നു. വിജയിനെതിരെ കേസ് എടുത്താൽ തെറ്റായ സന്ദേശം നൽകുകയും ബിജെപിക്ക് രാഷ്ട്രീയമായി മുതലെടുക്കാൻ അവസരം ലഭിക്കുമെന്നും സ്റ്റാലിൻ വിലയിരുത്തിയതായി വിവരം. ദുരന്തവുമായി ബന്ധപ്പെട്ട് ടിവികെ നേതാക്കൾക്കെതിരെ കേസ് രജിസ്റ്റർ ചെയ്ത് അറസ്റ്റുകൾ നടന്നുവെങ്കിലും, വിജയിനെ പ്രതിചേർക്കാതെ മുന്നോട്ട് പോകുന്ന നിലപാടാണ് തമിഴ്നാട് സർക്കാർ സ്വീകരിച്ചത്.
അതേസമയം, സ്റ്റാലിന്റെ നടപടി രാഷ്ട്രീയ പ്രേരിതമാണെന്ന് ചൂണ്ടിക്കാട്ടി വിജയ് തുറന്ന വിമർശനവുമായി രംഗത്തെത്തി. 41 പേരുടെ ജീവൻ കെടുത്തിയ കരൂർ ദുരന്തം ചുറ്റിപ്പറ്റി രാഷ്ട്രീയ പോര് കടുത്തിരിക്കെ, പൊതുയോഗത്തിനായി പൊലീസ് നൽകിയ അനുമതിപത്രത്തിലെ ഉപാധികൾ പുറത്തുവിട്ടു.
റോഡ്ഷോ നടത്തരുത്, ഗതാഗത തടസ്സം വരുത്തരുത്, ആംബുലൻസുകൾക്ക് തടസ്സമില്ലാതെ പോകാൻ സൗകര്യമൊരുക്കണം, പ്രവർത്തകർ റോഡിലെ ഡിവൈഡറിൽ കയറി നിൽക്കരുത് തുടങ്ങിയവയാണ് ജില്ലാ പൊലീസ് നിശ്ചയിച്ച പ്രധാന വ്യവസ്ഥകൾ. എന്നാൽ, ഇവയിൽ പലതും ടിവികെ പാലിച്ചില്ലെന്ന് പൊലീസ് വ്യക്തമാക്കി. ഡിഎംകെ സർക്കാരിനെതിരെ ടിവികെ ശക്തമായ വിമർശനവുമായി രംഗത്തെത്തിയ സാഹചര്യത്തിലാണ് പൊലീസ് രേഖകൾ പുറത്തുവിട്ടത്.






