ന്യൂഡല്‍ഹി: റെഡ് ബുള്‍, സ്റ്റിങ്, പെപ്സികോയുടെ അഡ്രിനാലിന്‍ റഷ് തുടങ്ങിയ, ഉയര്‍ന്ന കഫീന്‍ അടങ്ങിയ ആറ് ബ്രാന്‍ഡ് ശീതളപാനീയങ്ങള്‍ക്ക് ‘എനര്‍ജി ഡ്രിങ്ക്’ എന്ന ലേബല്‍ ഒഴിവാക്കാന്‍ നല്‍കിയ 90 ദിവസത്തെ സമയപരിധി നീട്ടില്ലെന്ന് ഫുഡ് സേഫ്റ്റി ആന്‍ഡ് സ്റ്റാന്‍ഡേര്‍ഡ്സ് അതോറിറ്റി ഓഫ് ഇന്ത്യ (എഫ്എസ്എസ്എഐ). ഒരു വര്‍ഷം വരെ സമയം അനുവദിക്കണമെന്ന നിര്‍മാതാക്കളുടെ ആവശ്യമാണ് അധികൃതർ തള്ളുന്നത്.
‘എനര്‍ജി ഡ്രിങ്ക്’ എന്ന വിഭാഗത്തിന് ഇന്ത്യന്‍ മാനദണ്ഡങ്ങളില്‍ വ്യക്തമായ നിര്‍വചനമില്ലെന്നും അതിനാല്‍ ഇത്തരം പാനീയങ്ങളെ ആ പേരില്‍ ലേബല്‍ ചെയ്യുന്നത് ചട്ടലംഘനമാണെന്നുമാണ് എഫ്എസ്എസ്എഐയുടെ നിലപാട്. ജൂലൈയിലാണ് കമ്പനികള്‍ക്ക് 90 ദിവസത്തിനകം ലേബലില്‍നിന്ന് ‘എനര്‍ജി ഡ്രിങ്ക്’ എന്നതോ സമാനമായ വിശേഷണങ്ങളോ നീക്കാന്‍ നിര്‍ദേശം നല്‍കിയത്. റെഡ് ബുള്‍, സ്റ്റിങ്, പെപ്സികോയുടെ അഡ്രിനാലിന്‍ റഷ് എന്നിവയെ കൂടാതെ റിലയന്‍സിന്റെ കാംപ എനര്‍ജി ഡ്രിങ്ക്, ഹെല്‍ എനര്‍ജി, കൊക്കകോളയുടെ മോണ്‍സ്റ്റര്‍ എനര്‍ജി എന്നീ പാനീയങ്ങള്‍ക്കും നോട്ടീസ് നല്‍കിയിരുന്നു.
നടപ്പാക്കുമ്പോള്‍ ഈ ബ്രാന്‍ഡുകള്‍ ലേബലുകളില്‍ മാറ്റം വരുത്തേണ്ടിവരും. വിപണിയില്‍ ഇതിനകം വലിയ തോതില്‍ ഉല്‍പ്പന്നങ്ങള്‍ ഉണ്ടെന്നും ഇറക്കുമതി ചെയ്ത കാനുകള്‍ ഉള്‍പ്പെടെ പുതിയ സ്റ്റോക്കുകള്‍ എത്തിയിട്ടുണ്ടെന്നും ചൂണ്ടിക്കാട്ടിയാണ് കമ്പനികള്‍ കുറഞ്ഞത് ഒരു വര്‍ഷത്തെ സമയം ആവശ്യപ്പെട്ടത്.











