മക്കായ്: ആദ്യ ടെസ്റ്റിലെ ചരിത്രവിജയത്തിന്റെ പകിട്ടുമായി ഓസീസിനെതിരേ രണ്ടാം ടെസ്റ്റിനിറങ്ങിയ ബംഗ്ലാദേശ് ആദ്യ ഇന്നിംഗ്സിൽ തകർന്നടിഞ്ഞു. വെറും 64 റൺസിന് കടുവകൾ പുറത്തായി. ഓസീസിന്റെ പേസ് ബൗളർമാർക്ക് മുന്നിൽ ബംഗ്ലാദേശ് ബാറ്റർമാർ നിലംതൊട്ടില്ല. മിച്ചൽ സ്റ്റാർക്ക് ആറുവിക്കറ്റുമായി തിളങ്ങി. മറുപടി ബാറ്റിങ്ങിൽ ഓസീസിനും വിക്കറ്റുകൾ നഷ്ടമായെങ്കിലും ഒടുവിൽ വിവരം കിട്ടുമ്പോൾ 4 വിക്കറ്റ് നഷ്ടത്തിൽ 145 റൺസെന്ന നിലയിലാണ്.
ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിനിറങ്ങിയ ബംഗ്ലാദേശിന് ആദ്യ പന്തിൽ തന്നെ ഓപ്പണർ ഷാഡ്മാൻ ഇസ്ലാമിനെ നഷ്ടമായി. സ്റ്റാർക്കാണ് താരത്തെ പുറത്താക്കിയത്. മൂന്നാം ഓവറിൽ വീണ്ടുമെത്തിയ സ്റ്റാർക്ക് ഓവറിൽ രണ്ട് വിക്കറ്റുകളും പിഴുതു. മിച്ചൽ സ്റ്റാർക്കാണ് ആറുവിക്കറ്റുമായി ബംഗ്ലാദേശ് ബാറ്റിങ്ങിന്റെ നടുവൊടിച്ചത്. പത്തോവറിൽ വെറും 12 റൺസ് മാത്രം വിട്ടുകൊടുത്താണ് സ്റ്റാർക്ക് ആറു വിക്കറ്റെടുത്തത്. ജോഷ് ഹേസൽവുഡ് ഒരു വിക്കറ്റും പാറ്റ് കമ്മിൻസ് മൂന്നു വിക്കറ്റുമെടുത്തു. ബംഗ്ലാദേശ് നിരയിൽ നാലുപേർ ഡക്കായി മടങ്ങി.




