ഒഡീഷ: പിണങ്ങിപ്പോയ ഭാര്യയെ തിരികെ ലഭിക്കാനായി യുവാവിനെ തലയറുത്ത് കൊലപ്പെടുത്തിയതായി പരാതി. ഒഡീഷയിലെ തേബദമുണ്ഡ ഗ്രാമത്തിലാണ് ഞെട്ടിക്കുന്ന സംഭവം. കൊലപാതകത്തിന് ശേഷം വെട്ടിയെടുത്ത തല വീട്ടിലെ പൂജാമുറിയിൽ കുഴിച്ചിട്ട നിലയിൽ കണ്ടെത്തി.
സംഭവത്തിൽ ശത്രുഘ്ന സാഹു (40) എന്നയാളെ പൊലീസ് അറസ്റ്റ് ചെയ്തു. തേബദമുണ്ഡ സ്വദേശിയായ സന്തോഷ് ഖർസെൽ (45) ആണ് കൊല്ലപ്പെട്ടത്. ഓഗസ്റ്റ് 18 മുതൽ സന്തോഷിനെ കാണാനില്ലായിരുന്നു. ഓഗസ്റ്റ് 21ന് ബഗഡ ഗ്രാമത്തിലെ കുളത്തിൽ നിന്ന് തലയില്ലാത്ത നിലയിൽ മൃതദേഹം കണ്ടെത്തുകയായിരുന്നു.
സന്തോഷിനെ അവസാനമായി കണ്ടത് ശത്രുഘ്ന സാഹുവിനൊപ്പമാണെന്ന് അന്വേഷണത്തിൽ കണ്ടെത്തിയതിനെ തുടർന്ന് പൊലീസ് ഇയാളെ കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്തു. മദ്യപിക്കുന്നതിനിടെയുണ്ടായ തർക്കമാണ് കൊലപാതകത്തിന് കാരണമെന്നാണ് ഇയാൾ ആദ്യം പറഞ്ഞത്.
എന്നാൽ വിശദമായ ചോദ്യം ചെയ്യലിലാണ് കൊലപാതകത്തിന് പിന്നിലെ കൂടുതൽ വിവരങ്ങൾ പുറത്തുവന്നത്. മൂന്ന് വർഷം മുമ്പ് തന്നെ ഉപേക്ഷിച്ചുപോയ ഭാര്യയെ തിരികെ ലഭിക്കാനാണ് കൊലപാതകം നടത്തിയതെന്ന് ഇയാൾ പൊലീസിനോട് സമ്മതിച്ചതായി റിപ്പോർട്ടുണ്ട്. ദുർമന്ത്രവാദത്തിന്റെ ഭാഗമായാണോ കൊലപാതകം നടത്തിയതെന്നും പൊലീസ് അന്വേഷിക്കുന്നുണ്ട്. തുടർന്ന് ശത്രുഘ്ന സാഹുവിന്റെ വീട്ടിലെ പൂജാമുറി പരിശോധിച്ച പൊലീസ് അവിടെ കുഴിച്ചിട്ട നിലയിൽ സന്തോഷിന്റെ തല കണ്ടെത്തി.




