കൊച്ചി: തായ്‌കൊണ്ടോ മത്സരത്തിനിടെ ഗുരുതരമായി പരിക്കേറ്റ് ചികിത്സയിൽ കഴിയുന്ന വിദ്യാർഥി ഫായിസ് അബ്ദുൽ ജലാലിന്റെ ആരോഗ്യനിലയിൽ പുരോഗതി. അപകടനില തരണം ചെയ്തതായി ആശുപത്രി അധികൃതർ അറിയിച്ചു.
മഹാരാഷ്ട്രയിൽ നടന്ന സിബിഎസ്ഇ തായ്‌കൊണ്ടോ സൗത്ത് സോൺ മത്സരത്തിനിടെയാണ് തൃശ്ശൂർ സ്വദേശിയായ പ്ലസ് ടു വിദ്യാർഥിക്ക് തലയ്ക്ക് ഗുരുതരമായി പരിക്കേറ്റത്. തൃശ്ശൂർ പെരുമ്പിലാവ് ഇംഗ്ലീഷ് സ്കൂളിലെ വിദ്യാർഥിയാണ് ഫായിസ്.
മത്സരത്തിനിടെ എതിരാളി ഫൗൾ ചെയ്തെന്നും സ്വകാര്യ ഭാഗത്ത് കിക്ക് ചെയ്തെന്നും കുടുംബം ആരോപിക്കുന്നു. എന്നാൽ റഫറി ഫൗൾ വിളിച്ചില്ലെന്നും, ഫൗൾ വിളിച്ച് എതിരാളിയെ അയോഗ്യനാക്കേണ്ടതായിരുന്നുവെന്നും കുടുംബം പറയുന്നു.
പരിക്ക് അനുഭവപ്പെട്ടതിനെ തുടർന്ന് ഫായിസ് മത്സരത്തിൽ നിന്ന് പിന്മാറുന്നതായി അറിയിച്ചിട്ടും റഫറി ഇടപെട്ടില്ലെന്നാണ് കുടുംബത്തിന്റെ ആരോപണം. ഇതിനിടെ എതിരാളി വീണ്ടും തലയിൽ കിക്ക് ചെയ്തതിനെ തുടർന്നാണ് ഗുരുതര പരിക്കേറ്റതെന്നും കുടുംബം പറയുന്നു.
സംഭവത്തിൽ റഫറിക്കെതിരെ സിബിഎസ്ഇക്കും പൊലീസിലും കുടുംബം പരാതി നൽകി. റഫറി നിയമവിരുദ്ധമായി പ്രവർത്തിച്ചെന്നാണ് കുടുംബത്തിന്റെ ആരോപണം. സംഭവത്തിൽ നിയമനടപടികളുമായി മുന്നോട്ടുപോകുമെന്നും കുടുംബം അറിയിച്ചു.
ഗുരുതരമായി പരിക്കേറ്റ ഫായിസിനെ എയർലിഫ്റ്റ് ചെയ്താണ് കൊച്ചിയിലെത്തിച്ചത്. കൊച്ചി ആസ്റ്റർ മെഡിസിറ്റി ആശുപത്രിയിൽ ചികിത്സയിലായിരുന്ന വിദ്യാർഥി ഇപ്പോൾ അപകടനില തരണം ചെയ്തതായി ആശുപത്രി അധികൃതർ അറിയിച്ചു.




