കോഴിക്കോട്: കൊടിയത്തൂർ ആലുങ്ങലിൽ ഓഡിറ്റോറിയത്തിന്റെ വേസ്റ്റ് കുഴിയിൽ വീണ് പരിക്കേറ്റ വിദ്യാർത്ഥി മരിച്ചു. ആലുവ സ്വദേശിയായ മുഹമ്മദ് സിനാൻ ആണ് മരിച്ചത്. മലപ്പുറം വണ്ടൂർ സ്കൂളിൽ പഠിച്ചുവരികയായിരുന്നു . കൊടിയത്തൂർ ബുഹാരി ഇസ്ലാമിക് സെന്റർ ഹോസ്റ്റലിൽ താമസിച്ചാണ് സിനാൻ പഠിച്ചിരുന്നത്.
ഒക്ടോബർ 20നാണ് അപകടം നടന്നത്. കളിക്കുന്നതിനിടെ പന്ത് എടുക്കാൻ പോയപ്പോൾ മഴവെള്ളം നിറഞ്ഞ് മൂടിയിരുന്ന വേസ്റ്റ് കുഴിയിൽ വീഴുകയായിരുന്നു. നാട്ടുകാരും ഫയർഫോഴ്സും ചേർന്ന് ഉടൻ തന്നെ രക്ഷാപ്രവർത്തനം നടത്തിയെങ്കിലും സിനാൻ ഗുരുതരാവസ്ഥയിലായിരുന്നു. കോഴിക്കോട് മെഡിക്കൽ കോളേജിൽ ചികിത്സയിൽ കഴിയുന്നതിനിടെ, അപകടം നടന്നിട്ട് രണ്ടാഴ്ചയ്ക്കുശേഷം സിനാൻ മരണത്തിന് കീഴടങ്ങുകയായിരുന്നു.




