കോട്ടയം: പൂഞ്ഞാറിനടുത്തു മലയിഞ്ചിപ്പാറ സെയ്ന്റ് ജോസഫ് യുപി സ്കൂളിലെ മൂപ്പത്തിയറ് വിദ്യാർഥികൾക്ക് ഭക്ഷ്യവിഷബാധയേറ്റു. ബുധനാഴ്ച ഉച്ചയ്ക്ക് ശേഷം ഛർദിയെ തുടർന്ന് കുട്ടികളെ അടുത്തുള്ള പൂഞ്ഞാർ തെക്കേക്കര കുടുംബാരോഗ്യകേന്ദ്രത്തിലെത്തിച്ചു. തുടർന്ന് കുട്ടികളെ കൂടുതൽ പരിശോധനക്ക് പാലാ ജനറൽ ആശുപത്രിയിലേക്ക് മാറ്റി.
ഛർദിയും തളർച്ചയുമാണ് കുട്ടികൾക്കുണ്ടായത്. സ്കൂൾ വിട്ട സമയത്താണ് പലരും ഛർദിച്ചത്. സ്കൂൾ അധികൃതർ പൂഞ്ഞാർ തെക്കേക്കര കുടുംബാരോഗ്യകേന്ദ്രത്തിലെത്തിച്ചു. ഉച്ചക്ക് ചോറിന്റെ കൂടെ ഗ്രീൻപീസ്, അച്ചാർ, മോര് എന്നിവയാണ് കുട്ടികൾക്ക് നൽകിയത്. അമ്പത്തിമൂന്ന് കുട്ടികളാണ് സ്കൂളിലുള്ളത്.
ഇതിൽ ആശങ്കപ്പെടാനില്ലെന്ന് പാലാ ജനറൽ ആശുപത്രി മെഡിക്കൽ ഓഫീസർ ഡോ. അഭിലാഷ് പറഞ്ഞു. കുട്ടികൾക്ക് ഭക്ഷ്യവിഷബാധയേറ്റത് എങ്ങനെയെന്ന് ആരോഗ്യവകുപ്പിന്റെ സഹകരണത്തോടെ കണ്ടെത്തുമെന്നും തുടർനടപടി സ്വീകരിക്കുമെന്നും സ്കൂൾ അധികൃതർ പറഞ്ഞു.




