കോട്ടയം: പ്രമുഖമായ 24 ഹിന്ദി കഥകളുടെ ഇംഗ്ലീഷ് ആസ്വാദനമായ ‘കോമറ്റ്സ്’ (Comets) എന്ന പുസ്തകം പ്രകാശനം ചെയ്തു. ബി.വി.എം കോളേജ് പബ്ലിക്കേഷൻസ് ഡയറക്ടറും മുൻ ഡീൻ ഓഫ് സ്റ്റഡീസുമായ ഡോ. ജോർജുകുട്ടി വട്ടോത്ത് രചിച്ച പുസ്തകത്തിന്റെ പ്രകാശനം കേന്ദ്ര സഹമന്ത്രി അഡ്വ. ജോർജ് കുര്യൻ നിർവ്വഹിച്ചു.
കടുത്തുരുത്തി സെന്റ് മേരീസ് ഫൊറോനാ പള്ളി വികാരിയും രാഷ്ട്രദീപിക മുൻ എം.ഡി.യുമായ വെരി റവ. ഫാ. മാത്യു ചന്ദ്രൻകുന്നേലിന് പുസ്തകം നൽകിയാണ് അദ്ദേഹം പ്രകാശനം ചെയ്തത്. ബി.വി.എം കോളേജ് പ്രിൻസിപ്പൽ റവ. ഡോ. ബേബി സെബാസ്റ്റ്യൻ തോണിക്കുഴി, കടുത്തുരുത്തി കോപ്പറേറ്റീവ് ഹോസ്പിറ്റൽ മാനേജർ മനോജ് ജോസഫ്, ബിജെപി കടുത്തുരുത്തി മണ്ഡലം പ്രസിഡന്റ് അശ്വന്ത് മാമലശ്ശേരിൽ, കൊച്ചുറാണി ജോർജുകുട്ടി വട്ടോത്ത് എന്നിവർ ചടങ്ങിൽ പങ്കെടുത്തു.
പാലാ സെന്റ് തോമസ് കോളേജ് ഹിന്ദി ബിരുദാനന്തര ബിരുദ ഗവേഷണ വിഭാഗം മുൻ മേധാവിയും റിസർച്ച് ഗൈഡുമായ ഡോ. ജോർജുകുട്ടി വട്ടോത്തിന്റെ ഈ ഗ്രന്ഥത്തിന് മഹാത്മാഗാന്ധി യൂണിവേഴ്സിറ്റി മുൻ വൈസ് ചാൻസലർ ഡോ. ബാബു സെബാസ്റ്റ്യനാണ് മുഖവുര എഴുതിയിരിക്കുന്നത്. ഭാരതീയ സാഹിത്യത്തിലെ ശ്രദ്ധേയമായ ഹിന്ദി കഥകളെ ഇംഗ്ലീഷ് വായനക്കാരിലേക്ക് എത്തിക്കുന്നതാണ് ഈ പുതിയ കൃതി.




