തിരുവനന്തപുരം: കണ്ണൂരില്‍ മുതിര്‍ന്ന നേതാവ് കെ സുധാകരന് സീറ്റ് കിട്ടാനുള്ള സാധ്യത മങ്ങി. എംപിമാര്‍ മത്സരിക്കേണ്ടതില്ലെന്ന തീരുമാനത്തിലേക്ക് ഹൈക്കമാന്‍ഡ് എത്തുകയായിരുന്നു. കോണ്‍ഗ്രസ് അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖര്‍ഗെയാണ് നിയമസഭാ തെരഞ്ഞെടുപ്പില്‍ ഒരു എംപിമാരും മത്സരിക്കേണ്ടതില്ലെന്ന തീരുമാനത്തില്‍ തന്നെ ഉറച്ച് നില്‍ക്കുന്നത്. ഇതോടെ കെ സുധാകരനും അടൂര്‍ പ്രകാശിനും സീറ്റുണ്ടാകില്ല.
കണ്ണൂര്‍ കോര്‍പ്പറേഷന്‍ മുന്‍ മേയര്‍ ടി ഒ മോഹനന്‍ കണ്ണൂരില്‍ സ്ഥാനാര്‍ത്ഥി ആയേക്കുമെന്നാണ് വിവരം. കോന്നിയില്‍ സതീഷ് കൊച്ചുപറമ്പില്‍ ആയിരിക്കും മത്സരിക്കുക. എഐസിസി ജനറല്‍ സെക്രട്ടറി കെ സി വേണുഗോപാല്‍, പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍, കെപിസിസി അധ്യക്ഷന്‍ സണ്ണി ജോസഫ്, എഐസിസി തെരഞ്ഞെടുപ്പ് നിരീക്ഷകന്‍ കെ ജെ ജോര്‍ജ് എന്നിവര്‍ മല്ലികാര്‍ജുന്‍ ഖര്‍ഗെയുടെ വസതിയില്‍ അടിയന്തര യോഗത്തിനെത്തിയിരുന്നു.
അതേസമയം മത്സരിച്ചേ തീരു എന്ന വാശിയില്‍ നില്‍ക്കുന്ന സുധാകരന്റെ അടുത്ത നീക്കം എന്തായിരിക്കുമെന്നതാണ് ആകാംഷ. കോണ്‍ഗ്രസിന്റെ രണ്ടാം ഘട്ട സ്ഥാനാര്‍ത്ഥി പട്ടിക ഇന്ന് പുറത്ത് വന്നേക്കും.






