ന്യൂഡൽഹി: ചെങ്കോട്ടയ്ക്ക് സമീപം നടന്ന സ്ഫോടനത്തിനു മുൻപ് ചിത്രീകരിച്ച ഉമർ നബിയുടെ വിഡിയോ പുറത്ത്. ആക്രമണത്തെ ന്യായീകരിക്കുന്ന ഇംഗ്ലീഷിലുള്ള വിഡിയോയാണ് പുറത്തുവന്നത്. ഭീകരാക്രമണത്തിന് ഏതാനും ദിവസം മുൻപ് റെക്കോർഡ് ചെയ്യപ്പെട്ടതാണ് ഈ വിഡിയോ എന്നാണ് ലഭിക്കുന്ന വിവരം. ചാവേർ ആക്രമണത്തെ ന്യായീകരിച്ചാണ് ഉമർ നബിയുടെ സംസാരം.
ചാവേർ ആക്രമണം എന്ന ആശയം വളരെ തെറ്റിദ്ധരിക്കപ്പെട്ടതാണെന്ന് ഉമർ നബി പറയുന്നു. ചാവേർ ആക്രമണം യഥാർഥത്തിൽ ഒരു രക്തസാക്ഷിത്വ പ്രവർത്തനം കൂടിയാണെന്നും വിഡിയോയിൽ വ്യക്തമാക്കുന്നു. ‘‘ചാവേർ ആക്രമണം സംബന്ധിച്ച് നിരവധി വാദങ്ങളും വൈരുധ്യങ്ങളും ഉയർന്നുവന്നിട്ടുണ്ട്. ഒരു വ്യക്തി ഒരു പ്രത്യേക സ്ഥലത്ത് ഒരു പ്രത്യേക സമയത്ത് മരിക്കുമെന്ന് അനുമാനിക്കുന്നതിനെയാണ് രക്തസാക്ഷിത്വ പ്രവർത്തനം എന്ന് പറയുന്നത്’’ – ഉമർ നബി അവകാശപ്പെടുന്നു.
അതേ സമയം, ഉമര്‍ ഒരു ‘ഷൂ ബോംബര്‍’ ആയിരിക്കാം എന്നാണ് അന്വേഷണ സംഘത്തിന്റെ നിഗമനം. ഉമർ സ്ഫോടനം നടത്താൻ ഉപയോഗിച്ച കാറില്‍നിന്ന് കണ്ടെത്തിയ ഒരു ഷൂവിലേക്കാണ് ഇക്കാര്യം വിരൽചൂണ്ടുന്നത്. വാഹനത്തിന്റെ വലതുവശത്തെ മുന്‍ ടയറിനടുത്തുള്ള ഡ്രൈവിങ് സീറ്റിൽ നിന്നാണ് അന്വേഷണ ഉദ്യോഗസ്ഥർ ഷൂ കണ്ടെടുത്തത്. അതിനുള്ളില്‍നിന്ന് ലോഹം പോലെയുള്ള ഒരു വസ്തു കണ്ടെടുത്തിട്ടുണ്ട്. സ്‌ഫോടനം നടത്താന്‍ ഉപയോഗിച്ചത് ഈ വസ്തുവാണെന്നാണ് ഉദ്യോഗസ്ഥരുടെ അനുമാനം.
അതിതീവ്ര സ്‌ഫോടനശേഷിയുള്ള, ‘മദര്‍ ഓഫ് സാത്താന്‍’ എന്ന് വിളിക്കപ്പെടുന്ന ട്രയാസിറ്റോൺ ട്രൈപെറോക്‌സൈഡ് (ടിഎടിപി) എന്ന സ്‌ഫോടകവസ്തുവിന്റെ അംശം കാറിന്റെ ടയറിലും ഷൂവിലും കണ്ടെത്തിയിട്ടുണ്ട്. ജയ്‌ഷെ ഭീകരര്‍ ഗണ്യമായ വലിയ ആക്രമണങ്ങൾക്കായി ഇത് ഉപയോഗിക്കാറുണ്ടെന്ന് സ്ഥിരീകരിച്ചിട്ടുണ്ട്. ചെങ്കോട്ട സ്‌ഫോടനത്തില്‍ ട്രയാസിറ്റോൺ ട്രൈപെറോക്‌സൈഡും അമോണിയം നൈട്രേറ്റും ചേര്‍ന്ന മിശ്രിതമാണ് ഉപയോഗിച്ചതെന്നും കണ്ടെത്തിയിട്ടുണ്ട്.




