ന്യൂഡൽഹി: ഒരേ തസ്തികയിൽ ജോലി ചെയ്യുന്നു എന്നത് മാത്രം അടിസ്ഥാനമാക്കി ‘തുല്യ ജോലിക്ക് തുല്യ വേതനം’ എന്ന തത്വം യാന്ത്രികമായി നടപ്പാക്കാനാകില്ലെന്ന് സുപ്രീം കോടതി. നേരിട്ടുള്ള നിയമനം ലഭിച്ചവരും പ്രമോഷൻ വഴി തസ്തികയിലെത്തിയവരും തമ്മിലുള്ള പ്രവൃത്തിപരിചയത്തിലെ വ്യത്യാസം വ്യത്യസ്ത ശമ്പള സ്കെയിൽ നിശ്ചയിക്കുന്നതിന് സാധുവായ അടിസ്ഥാനമാണെന്നും ജസ്റ്റിസുമാരായ ദിപാങ്കർ ദത്ത, ശീൽ നാഗു എന്നിവരടങ്ങിയ ബെഞ്ച് വ്യക്തമാക്കി.
കേരളത്തിലെ എയ്ഡഡ് സ്കൂളുകളിൽ നേരിട്ടുള്ള നിയമനത്തിലൂടെ ഹയർ സെക്കൻഡറി സ്കൂൾ ടീച്ചർ (ജൂനിയർ) ആയി നിയമിതരായ അധ്യാപകർ നൽകിയ അപ്പീൽ തള്ളിക്കൊണ്ടാണ് സുപ്രീം കോടതി വിധി. പ്രമോഷൻ, സ്ഥലംമാറ്റം എന്നിവയിലൂടെ HSST (ജൂനിയർ) തസ്തികയിലെത്തിയ അധ്യാപകർക്ക് ലഭിക്കുന്ന അതേ ശമ്പള സ്കെയിൽ തങ്ങൾക്കും അനുവദിക്കണമെന്നായിരുന്നു ഹർജിക്കാരുടെ ആവശ്യം.
എന്നാൽ, മുൻപ് സേവനം അനുഷ്ഠിച്ച് പ്രവൃത്തിപരിചയം നേടിയ പ്രമോഷൻ അധ്യാപകരെയും പുതുതായി നിയമിതരായ ഡയറക്ട് റിക്രൂട്ട്മെന്റ് അധ്യാപകരെയും ഒരേ മാനദണ്ഡത്തിൽ പരിഗണിക്കാനാകില്ലെന്ന് കോടതി നിരീക്ഷിച്ചു. ജോലി സ്വഭാവത്തിൽ സാമ്യമുണ്ടെന്നത് മാത്രം തുല്യ വേതനത്തിന് അവകാശം നൽകില്ലെന്നും കോടതി വ്യക്തമാക്കി.
നിയമന രീതി, വിദ്യാഭ്യാസ യോഗ്യത, പ്രവൃത്തിപരിചയം, ചുമതലകൾ, ഉത്തരവാദിത്തങ്ങൾ എന്നിവയിലെ തുല്യതയും പരിശോധിച്ച ശേഷമാണ് തുല്യ വേതനം സംബന്ധിച്ച് തീരുമാനിക്കേണ്ടതെന്നും സുപ്രീം കോടതി വ്യക്തമാക്കി.
തസ്തികകളുടെ പേരിലോ ജോലി സ്വഭാവത്തിലോ ഉള്ള സാമ്യം മാത്രം പരിഗണിച്ച് തുല്യ വേതനം അനുവദിക്കുന്ന സമീപനത്തിൽ നിന്ന് സർവീസ് ചട്ടങ്ങളും പ്രവൃത്തിപരിചയവും ഉൾപ്പെടെയുള്ള ഘടകങ്ങൾ പരിഗണിക്കുന്ന കർശനമായ മാനദണ്ഡങ്ങളിലേക്ക് നിയമനിലപാട് മാറിയിട്ടുണ്ടെന്നും മുൻകാല വിധികൾ ഉദ്ധരിച്ച് കോടതി ചൂണ്ടിക്കാട്ടി.
കേരള ഹൈക്കോടതി ഡിവിഷൻ ബെഞ്ചിന്റെ വിധി ശരിവെച്ചാണ് സുപ്രീം കോടതി അപ്പീൽ തള്ളിയത്.




