പാലക്കാട്: ജില്ലയില്‍ നീർപക്ഷികളുടെ എണ്ണം കഴിഞ്ഞ വർഷത്തേക്കാള്‍ കൂടിയെന്നു സർവേ റിപ്പോർട്ട്.കൊറ്റികളുടെയും നീർക്കാക്കകളുടെയും എണ്ണത്തില്‍ വർധനവുണ്ടായപ്പോള്‍ താറാവുകളുടെ എണ്ണത്തില്‍ ഗണ്യമായ കുറവു വന്നതായും റിപ്പോർട്ടില്‍ ചൂണ്ടിക്കാട്ടുന്നു. 25 വർഷങ്ങള്‍ക്കുശേഷം ജില്ലയില്‍ ആദ്യമായി മഞ്ഞത്തലയൻ വാലുകുലുക്കിയെ സർവേയുടെ ഭാഗമായി കണ്ടെത്തി. കൂടാതെ പാലക്കാട് നഗരമധ്യത്തില്‍നിന്ന് അപൂർവയിനം ദേശാടനപക്ഷിയായ ചാരത്തലയൻ തിത്തിരിയെയും കണ്ടെത്തി.
ഏഷ്യൻ നീർപക്ഷി സർവേയുടെ ഭാഗമായി പാലക്കാട് നാച്ചുറല്‍ ഹിസ്റ്ററി സൊസൈറ്റി നടത്തിയ പക്ഷി നിരീക്ഷണത്തിലാണ് കണ്ടെത്തലുകള്‍. ഈമാസം മൂന്നുമുതല്‍ 18 വരെ ജില്ലയിലെ പ്രധാന ജലാശയങ്ങളില്‍ നടത്തിയ നിരീക്ഷണത്തില്‍ 44 ഇനത്തില്‍പെട്ട നാലായിരത്തിഇരുനൂറോളം നീർപക്ഷികളെ കണ്ടെത്തി.
ജില്ലയുടെ വിവിധ ഭാഗങ്ങളില്‍ നിന്നായി 50 പക്ഷിനിരീക്ഷകരാണ് സർവേയില്‍ പങ്കെടുത്തത്. കഴിഞ്ഞ വർഷത്തെ അപേക്ഷിച്ച് ഈ വർഷം നീർപക്ഷികളുടെ എണ്ണത്തില്‍ 22 ശതമാനം വർധനവും രേഖപ്പെടുത്തുന്നു.
വെറ്റ്ലാൻഡ് ഇന്റർനാഷനല്‍, ബോംബെ നാച്ചുറല്‍ ഹിസ്റ്ററി സൊസൈറ്റി, കേരള വനം- വന്യജീവി വകുപ്പ്, നാഷണല്‍ ബയോഡൈവേഴ്സിറ്റി ബോർഡ്, സംസ്ഥാന ജൈവവൈവിധ്യ ബോർഡ് എന്നിവയുടെ സഹകരണത്തോടെയാണ് ഇത്തവണ സർവേ നടത്തിയത്. അപൂർവയിനം ദേശാടനപക്ഷികളെ കണ്ടെത്തിയതു ജലാശയങ്ങള്‍ സംരക്ഷിക്കപ്പെടേണ്ടതിന്റെ അവശ്യകതയാണ് ചൂണ്ടിക്കാട്ടുന്നതെന്നു നാച്ചുറല്‍ ഹിസ്റ്ററി സൊസൈറ്റി ഓഫ് പാലക്കാട് സെക്രട്ടറി അഡ്വ. ലിജോ പനങ്ങാടൻ പറഞ്ഞു.




