പാലക്കാട്: മംഗലംഡാം ജനങ്ങളെ ഭീതിയിലാഴ്ത്തി മംഗലംഡാം ഓടംതോട് മേഖലയിൽ വീണ്ടും പുലിയുടെ സാന്നിധ്യം. റോഡരികിലെ സ്വകാര്യ വ്യക്തിയുടെ എസ്റ്റേറ്റിൽ സ്ഥാപിച്ചിരുന്ന ഫെൻസിങ് വലയിൽ കുരുങ്ങിയ നിലയിലാണ് പുലിയെ കണ്ടെത്തിയത്. എന്നാൽ, നാട്ടുകാർ നോക്കിനിൽക്കെ പുലി വലയിൽ നിന്നും രക്ഷപ്പെട്ട് വനത്തിലേക്ക് ഓടിമറഞ്ഞു.
ഇന്നലെ രാത്രി എട്ടരയോടെയാണ് സംഭവം. ഓടംതോട് സ്വദേശിയായ വിജേഷും സുഹൃത്തും മംഗലംഡാമിൽ നിന്നും ഓടംതോട് ഭാഗത്തേക്ക് ബൈക്കിൽ വരുന്ന വഴിയാണ് പുലിയെ കണ്ടത്. റോഡിനോട് ചേർന്നുള്ള സ്വകാര്യ വ്യക്തിയുടെ പറമ്പിലെ വേലിയിൽ വലിച്ചുകെട്ടിയ വലയിൽ കുരുങ്ങിയ നിലയിലായിരുന്നു മൃഗം.
ഇതുകണ്ട് ഭയന്ന വിജേഷും സുഹൃത്തും ബൈക്കിൽ രക്ഷപ്പെടാൻ ശ്രമിക്കുന്നതിനിടെ, പുലി കുരുക്കിൽ നിന്നും ബലമായി വേർപെടുകയും സമീപത്തെ വനമേഖലയിലേക്ക് ഓടിപ്പോവുകയുമായിരുന്നുവെന്ന് വിജേഷ് പറഞ്ഞു.
വിവരമറിഞ്ഞ് സ്ഥലത്തെത്തിയ വനംവകുപ്പ് ഉദ്യോഗസ്ഥർ പ്രദേശത്ത് വിശദമായ പരിശോധന നടത്തിയെങ്കിലും പുലിയെ കണ്ടെത്താനായില്ല. ജനവാസമേഖലയിൽ വീണ്ടും പുലിയെ കണ്ടതോടെ പ്രദേശവാസികൾ കടുത്ത ആശങ്കയിലാണ്. വനംവകുപ്പ് ഈ മേഖലയിൽ നിരീക്ഷണം ശക്തമാക്കിയിട്ടുണ്ട്.




