സൂത്രവാക്യം സിനിമയുടെ ചിത്രീകരണത്തിനിടെയുണ്ടായ മോശം പെരുമാറ്റത്തില്‍ നടി വിന്‍സിയോട് മാപ്പ് പറഞ്ഞ് നടന്‍ ഷൈന്‍ ടോം ചാക്കോ. ഷൈന്‍ ലഹരി ഉപയോഗിച്ച് തന്നോട് മോശമായി പെരുമാറി എന്ന വിന്‍സി അലോഷ്യസിന്റെ പരാതി വന്‍ വിവാദമായിരുന്നു. . സൂത്രവാക്യം സിനിമയുടെ പ്രമോഷനോട് അനുബന്ധിച്ച വാര്‍ത്താ സമ്മേളനത്തിലാണ് ഷൈന്‍ ടോം ചാക്കോ മാപ്പു പറഞ്ഞത്. വിവാദങ്ങള്‍ക്ക് ശേഷം നടന്‍ ഷൈന്‍ ടോം ചാക്കോയും നടി വിന്‍സി അലോഷ്യസും ഒരുമിച്ച് പങ്കെടുക്കുന്ന ആദ്യ പരിപാടിയാണ് ഇത്.
എന്റെ ഭാഗത്ത് നിന്നും എന്തെങ്കിലും പ്രശ്‌നം ഉണ്ടായിട്ടുണ്ടെങ്കില്‍ ക്ഷമ ചോദിക്കുന്നുവെന്ന് ഷൈന്‍ പറഞ്ഞു. ഒന്നും മനപ്പൂര്‍വ്വം ചെയ്തതല്ല, പല വാക്കുകളും തമാശയായി പറഞ്ഞതാണ് എന്നും ഷൈന്‍ ടോം ചാക്കോ പറഞ്ഞു. താന്‍ ആരാധിച്ച വ്യക്തിയില്‍ നിന്ന് അപ്രതീക്ഷിതമായ അനുഭവം ഉണ്ടായത് കൊണ്ടാണ് പരാതിയുമായി എത്തിയത് എന്നും ഷൈനിന്റെ കുടുംബത്തെ വേദനപ്പെടുത്തിയതില്‍ ദുഃഖമെന്നും വിന്‍സി വ്യക്തമാക്കി. പ്രശ്‌നങ്ങള്‍ പരസ്പരം പറഞ്ഞു തീര്‍ത്തെന്നും ഇരുവരും മാധ്യമങ്ങളോട് വ്യക്തമാക്കി.




