തിരുവനന്തപുരം: സംസ്ഥാന നിയമസഭാ തിരഞ്ഞെടുപ്പിൽ കൽപ്പറ്റയിൽ യുഡിഎഫ് സ്ഥാനാർത്ഥി ടി. സിദ്ദിഖ് വിജയം ഉറപ്പിച്ചു. വോട്ടെണ്ണൽ അവസാനഘട്ടത്തിലേക്ക് കടക്കുമ്പോൾ അദ്ദേഹത്തിന്റെ ലീഡ് 36,000 വോട്ടുകൾ പിന്നിട്ടു. എൽഡിഎഫ് സ്ഥാനാർത്ഥി പി.കെ. അനിൽ കുമാറും എൻഡിഎ സ്ഥാനാർത്ഥി പ്രശാന്ത് മലവയലുമായിരുന്നു പ്രധാന എതിരാളികൾ.
ആകെ 17 റൗണ്ടുകളിൽ 13 റൗണ്ട് പൂർത്തിയായപ്പോൾ എല്ലാ ഘട്ടങ്ങളിലും മേൽക്കൈ സിദ്ദിഖിനായിരുന്നു. ഇതുവരെ 76,978 വോട്ടുകൾ നേടിയ സിദ്ദിഖിനെതിരെ പി.കെ. അനിൽ കുമാർ 40,933 വോട്ടുകളും പ്രശാന്ത് മലവയൽ 15,639 വോട്ടുകളും നേടി.
2021ൽ ആദ്യമായി മത്സരിച്ച് 5,470 വോട്ടിന്റെ ഭൂരിപക്ഷത്തിൽ വിജയിച്ച സിദ്ദിഖ് ഇത്തവണ വൻ മുന്നേറ്റമാണ് കാഴ്ചവെച്ചത്. അന്ന് എൽഡിഎഫ് സ്ഥാനാർത്ഥിയായ എം.വി. ശ്രേയാംസ് കുമാറിനെ പരാജയപ്പെടുത്തിയായിരുന്നു അദ്ദേഹത്തിന്റെ ആദ്യ വിജയം.
മുണ്ടക്കൈ–ചൂരൽമല ദുരന്തബാധിതർക്കായി നിർമ്മിച്ച വയനാട് ടൗൺഷിപ്പ് ഉൾപ്പെടുന്ന മണ്ഡലമായ കൽപ്പറ്റയിൽ വികസനപ്രവർത്തനങ്ങൾ വോട്ടാകുമെന്നായിരുന്നു എൽഡിഎഫിന്റെ പ്രതീക്ഷ. എന്നാൽ അത് ഫലത്തിൽ പ്രതിഫലിച്ചില്ലെന്നാണ് നിലവിലെ സൂചനകൾ. തിരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ ടൗൺഷിപ്പ് ഉദ്ഘാടനത്തിൽ സിദ്ദിഖിന് നേരെയുണ്ടായ പ്രതിഷേധവും ശ്രദ്ധ നേടിയിരുന്നു.




