മസ്കത്ത്: ഒമാൻ തീരത്തിന് സമീപം സഞ്ചരിച്ചിരുന്ന ടാങ്കറിൽ സ്ഫോടനം നടന്നതായി യുണൈറ്റഡ് കിങ്ഡം മാരിടൈം ട്രേഡ് ഓപ്പറേഷൻസ് (യുകെഎംടിഒ) അറിയിച്ചു. ഞായറാഴ്ച നടന്ന സംഭവത്തിൽ കപ്പലിനും ജീവനക്കാർക്കും അപകടമൊന്നും സംഭവിച്ചിട്ടില്ലെന്നും എല്ലാവരും സുരക്ഷിതരാണെന്നും റിപ്പോർട്ടിൽ വ്യക്തമാക്കുന്നു.
ഒമാനിലെ ഖസബിൽ നിന്ന് ഏകദേശം 20 നോട്ടിക്കൽ മൈൽ അകലെയായിരുന്നു സ്ഫോടനം. തിങ്കളാഴ്ച പുലർച്ചെ 4.37നാണ് സംഭവത്തെക്കുറിച്ച് യുകെഎംടിഒ റിപ്പോർട്ട് ചെയ്തത്. പ്രദേശത്തുകൂടി സഞ്ചരിക്കുന്ന എല്ലാ കപ്പലുകളും അതീവ ജാഗ്രത പാലിക്കണമെന്നും സംശയാസ്പദമായ നീക്കങ്ങൾ ശ്രദ്ധയിൽപ്പെട്ടാൽ ഉടൻ അധികൃതരെ അറിയിക്കണമെന്നും ഏജൻസി നിർദേശിച്ചു.
കഴിഞ്ഞ ആഴ്ചയും ഒമാൻ തീരത്ത് രണ്ട് കപ്പലുകൾക്ക് നേരെ ആക്രമണവും സ്ഫോടനവും ഉണ്ടായതായി യുകെഎംടിഒ റിപ്പോർട്ട് ചെയ്തിരുന്നു. ഖസബിന് സമീപം ഒരു ടാങ്കറിൽ സ്ഫോടനവും മറ്റൊരിടത്ത് അജ്ഞാത പ്രൊജക്ടൈൽ പതിച്ച് എഞ്ചിൻ റൂമിന് കേടുപാടുകൾ സംഭവിച്ചതായും റിപ്പോർട്ടുകളുണ്ടായിരുന്നു. ഇതിൽ ഒരു കപ്പൽ പ്രവർത്തനരഹിതമായതായും അറിയിച്ചിരുന്നു.
സംഭവങ്ങളെ തുടർന്ന് ഒമാൻ പരിസ്ഥിതി അതോറിറ്റി അന്വേഷണം ആരംഭിച്ചിട്ടുണ്ട്. നിലവിൽ പാരിസ്ഥിതിക പ്രശ്നങ്ങളൊന്നും കണ്ടെത്തിയിട്ടില്ലെന്ന് അധികൃതർ അറിയിച്ചു. ജലാശയങ്ങളിൽ പരിശോധനകൾ തുടരുന്നതിനൊപ്പം ഉപഗ്രഹ ചിത്രങ്ങൾ, സാങ്കേതിക നിരീക്ഷണ സംവിധാനങ്ങൾ, ലഭ്യമായ മറ്റ് ഡാറ്റകൾ എന്നിവയും വിശകലനം ചെയ്യുകയാണ്.
പ്രദേശത്തുകൂടി സഞ്ചരിക്കുന്ന കപ്പലുകൾ ജാഗ്രത പാലിക്കണമെന്നും സംശയാസ്പദമായ സംഭവങ്ങൾ ഉടൻ റിപ്പോർട്ട് ചെയ്യണമെന്നും ഒമാൻ അധികൃതർ നിർദേശിച്ചു. ഔദ്യോഗിക വിവരങ്ങൾ മാത്രം വിശ്വസിക്കാനും സ്ഥിരീകരിക്കാത്ത വിവരങ്ങൾ പ്രചരിപ്പിക്കരുതെന്നും പൊതുജനങ്ങളോട് അഭ്യർഥിച്ചിട്ടുണ്ട്.




