തിരുവനന്തപുരം: സംവിധായകൻ സനൽകുമാർ ശശിധരൻ സെക്രട്ടേറിയറ്റിന് മുന്നിൽ നടത്തുന്ന സത്യാഗ്രഹ സമരത്തിനെതിരെ വിമർശനവുമായി സിപിഐഎം നേതാവ് കെ കെ ശൈലജ. നടി മഞ്ജു വാര്യർക്കെതിരെ സനൽകുമാർ ശശിധരൻ നടത്തുന്നത് ഹീനമായ അതിക്രമമാണെന്ന് ശൈലജ ഫേസ്ബുക്ക് കുറിപ്പിൽ ആരോപിച്ചു.
മഞ്ജു വാര്യരുടെ ജീവിതം ഇത്തരം പരാമർശങ്ങൾക്ക് വിട്ടുകൊടുക്കാനുള്ളതല്ലെന്നും, സനൽകുമാർ ശശിധരനെതിരെ സർക്കാർ ശക്തമായ നടപടി സ്വീകരിക്കണമെന്നും കെ കെ ശൈലജ ആവശ്യപ്പെട്ടു. മഞ്ജു വാര്യർ നടത്തുന്ന നിയമപോരാട്ടങ്ങൾക്ക് എല്ലാവിധ പിന്തുണയും പ്രഖ്യാപിക്കുന്നതായും അവർ വ്യക്തമാക്കി.
മലയാളത്തിലെ ശ്രദ്ധേയരായ അഭിനേത്രിമാരിൽ ഒരാളാണ് മഞ്ജു വാര്യരെന്നും ജീവിതത്തിലെ പ്രതിസന്ധികളെ അതിജീവിച്ച വ്യക്തിയെന്ന നിലയിൽ അവർ നിരവധി പേർക്ക് പ്രചോദനമാണെന്നും ശൈലജ കുറിച്ചു.
അതേസമയം, സനൽകുമാർ ശശിധരൻ സെക്രട്ടേറിയറ്റിന് മുന്നിൽ നടത്തുന്ന സത്യാഗ്രഹ സമരത്തിനെതിരെ മുൻ മന്ത്രി വി ശിവൻകുട്ടിയും രംഗത്തെത്തിയിരുന്നു. മഞ്ജു വാര്യർ സ്വന്തം പ്രതിഭയും ഇച്ഛാശക്തിയും കൊണ്ടാണ് ഉയർന്നുവന്നതെന്നും അവർക്കെതിരെ സെക്രട്ടേറിയറ്റിന് മുന്നിൽ നടക്കുന്ന പ്രതിഷേധം അപലപനീയമാണെന്നും ശിവൻകുട്ടി പറഞ്ഞു.
മഞ്ജു വാര്യർ ചില റാക്കറ്റുകളുടെ പിടിയിലാണെന്നും അവരെ അതിൽ നിന്ന് മോചിപ്പിക്കണമെന്നും ആവശ്യപ്പെട്ടാണ് സനൽകുമാർ ശശിധരൻ സെക്രട്ടേറിയറ്റിന് മുന്നിൽ സത്യാഗ്രഹം നടത്തുന്നത്. സംഭവവുമായി ബന്ധപ്പെട്ട് മഞ്ജു വാര്യർ സനൽകുമാർ ശശിധരനെതിരെ എറണാകുളം മുനിസിഫ് കോടതിയിൽ മാനനഷ്ടക്കേസ് നൽകിയിട്ടുണ്ട്.


