മലപ്പുറം : അധ്യയന വർഷത്തിൻ്റെ പകുതി പിന്നിടുമ്പോഴേക്കും അഞ്ചാമത്തെ രക്ഷാകർതൃ സംഗമം നടത്തി മൂർക്കനാട് GUP സ്കൂൾ മാതൃകയായി. ‘Tea Talk with Parents’ എന്ന പേരിൽ പുതുമയാർന്ന രൂപത്തിലാണ് രക്ഷാകർതൃ സംഗമം നടത്തിയത്. 35 ഓളം ക്ലാസുകളിലായി നടന്ന പരിപാടിയിൽ, സ്കൂളിലെ 35 ക്ലാസ് റൂമുകളിൽ സ്ഥാപിച്ച സ്മാർട്ട് ടി വി മുഖേന വിദ്യാ സ്റ്റുഡിയോയിൽ നിന്നും ഹെഡ്മാസ്റ്റർ വി. ഷഹീദ് മാസ്റ്റർ രക്ഷിതാക്കളുമായി സംവദിച്ചു.രക്ഷാകർതൃ സംഗമത്തിൻ്റെ ഭാഗമായി രക്ഷിതാക്കളെ അടുത്തറിയുന്നതിനായി വിവരശേഖരണം നടത്തി.
ഹരിത വിദ്യാലയം റിയാലിറ്റി ഷോയുടെ പ്രാഥമിക സെലക്ഷന് സമർപ്പിച്ച 3 മിനിറ്റ് വീഡിയോ, 25 സ്ലൈസുകളുടെ പ്രദർശനം എന്നിവയും ചടങ്ങിൽ നടന്നു.ഓരോ ക്ലാസിലും രക്ഷിതാക്കൾ സ്വന്തമായി കൊണ്ടുവന്ന വൈവിധ്യമാർന്ന രുചിഭേദങ്ങൾ സംഗമത്തിന് കൂടുതൽ ഹൃദ്യത നൽകി. മധ്യവേനൽ അവധിക്കാലത്ത് നടത്തിയ സംഗമം, ഒന്നാം ടേം പരീക്ഷയെ തുടർന്ന് നാല് ദിവസങ്ങളിലായി നടന്ന വ്യക്തിഗത സംഭാഷണമുൾപ്പെടുത്തിയുള്ള സംഗമം എന്നിവ ഉൾപ്പെടെയാണ് സ്കൂളിൽ അഞ്ച് രക്ഷാകർതൃ സംഗമങ്ങൾ പൂർത്തിയാക്കിയത്.സ്റ്റാഫ് സെക്രട്ടറി കെ.കെ. നാരായണൻ മാസ്റ്റർ, എസ്.ആർ.ജി കൺവീനർമാരായ എം. മുഹമ്മദ് ഷിഹാബ് മാസ്റ്റർ, കെ. സോന ടീച്ചർ, സീനിയർ അസിസ്റ്റൻറ് എം. ഷറീന ടീച്ചർ തുടങ്ങിയവർ പരിപാടികൾക്ക് നേതൃത്വം നൽകി.






