മലപ്പുറം: 2025 സെപ്റ്റംബർ 1-ന് സുപ്രീം കോടതി നൽകിയ വിധിയുടെ അടിസ്ഥാനത്തിൽ ഭാഷാപരവും മതപരവുമായ മുസ്ലിം– ക്രിസ്ത്യൻ ന്യൂനപക്ഷ വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ അധ്യാപകരെ ടീച്ചർ എലിജിബിലിറ്റി ടെസ്റ്റിൽ നിന്നും ഒഴിവാക്കി കേരള സർക്കാർ വ്യക്തമായ ഉത്തരവ് ഉടൻ പുറപ്പെടുവിക്കണമെന്ന് ആവശ്യപ്പെട്ട് ടീച്ചേഴ്സ് ഫോറം കേരള ന്യൂനപക്ഷ ക്ഷേമ മന്ത്രി വി. അബ്ദു റഹ്മാന് നിവേദനം നൽകി.
ടീച്ചേഴ്സ് ഫോറം കേരളയുടെ ഭാരവാഹികളായ ടി. അബ്ദുൽ ഷുക്കൂർ , ബിജി മാത്യു, എ.പി അനീസ് ഫവാസ് എന്നിവരാണ് മന്ത്രിയെ കണ്ടത്. സുപ്രീം കോടതി വിധി നിലനിൽക്കുമ്പോഴും സംസ്ഥാനത്ത് ന്യൂനപക്ഷ വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ അധ്യാപകർക്ക് ടീച്ചർ എലിജിബിലിറ്റി ടെസ്റ്റിൽ നിന്നും ഇളവ് നൽകാതെ തുടരുന്നത് ഭരണഘടനയുടെ അനുച്ഛേദം 30 പ്രകാരം ന്യൂനപക്ഷ സ്ഥാപനങ്ങൾക്ക് അനുവദിച്ച അവകാശങ്ങളുടെ ലംഘനമാണെന്നും, ഇത് സുപ്രീം കോടതി വിധിയുടെ വ്യക്തമായ ലംഘനവുമാണെന്നും നിവേദനത്തിൽ ചൂണ്ടിക്കാട്ടി.
ന്യൂനപക്ഷ വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ സ്വയം ഭരണാധികാരത്തിൽ സർക്കാർ തലത്തിലുള്ള അനാവശ്യ ഇടപെടലുകൾ അവസാനിപ്പിക്കണമെന്നും, സർക്കാർ ഉത്തരവിന്റെ അഭാവം മൂലം ആയിരക്കണക്കിന് അധ്യാപകർ തൊഴിൽ അനിശ്ചിതത്വം നേരിടുന്ന സാഹചര്യം അവസാനിപ്പിക്കാൻ ന്യൂനപക്ഷ വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ അധ്യാപകർക്ക് ടീച്ചർ എലിജിബിലിറ്റി ടെസ്റ്റിൽ നിന്നും ഇളവ് നൽകി കൊണ്ടുള്ള സർക്കാർ ഉത്തരവ് എത്രയും പെട്ടെന്ന് പുറപ്പെടുവിക്കണമെന്നും ടീച്ചേഴ്സ് ഫോറം കേരള ആവശ്യപ്പെട്ടു. വിഷയം ഗൗരവത്തോടെ പരിഗണിക്കുമെന്ന് മന്ത്രി വി. അബ്ദു റഹ്മാൻ സംഘടനാ പ്രതിനിധികൾക്ക് ഉറപ്പ് നൽകിയതായി ടീച്ചേഴ്സ് ഫോറം കേരള അറിയിച്ചു.




