ന്യൂഡല്‍ഹി: റണ്‍വേയിലൂടെ മുന്നോട്ടു നീങ്ങിയ എയര്‍ ഇന്ത്യ വിമാനം സാങ്കേതിക തകരാറിനെ തുടര്‍ന്ന് ടേക്ക് ഓഫ് റദ്ദാക്കി. ഡല്‍ഹിയില്‍നിന്ന് കൊല്‍ക്കത്തയിലേക്കുള്ള AI2403 എയര്‍ ഇന്ത്യ വിമാനമാണ് സാങ്കേതിക തകരാര്‍ കണ്ടെത്തിയതിനെ തുടര്‍ന്ന് ടേക്ക് ഓഫ് റദ്ദാക്കിയത്.
തിങ്കളാഴ്ച വൈകുന്നേരം 5:30-നായിരുന്നു വിമാനം പുറപ്പേടേണ്ടിയിരുന്നത്. എന്നാല്‍, സാങ്കേതിക തകരാര്‍ കണ്ടെത്തിയതിനെ തുടര്‍ന്ന് പൈലറ്റുമാര്‍ സ്റ്റാന്‍ഡേര്‍ഡ് ഓപ്പറേറ്റിംഗ് പ്രൊസീജ്യര്‍ പാലിച്ച് ടേക്ക് ഓഫ് ഉപേക്ഷിക്കാന്‍ തീരുമാനിക്കുകയായിരുന്നു.
തിങ്കളാഴ്ച എയര്‍ ഇന്ത്യ വിമാനം ലാന്‍ഡിങിനിടയില്‍ റണ്‍വേയില്‍നിന്നു തെന്നിമാറിയ സംഭവത്തിന് പിന്നാലെയാണിത്. അതേസമയം, കഴിഞ്ഞ ആറ് മാസത്തിനിടെ കണ്ടെത്തിയ അഞ്ച് സുരക്ഷാ ലംഘനങ്ങളുമായി ബന്ധപ്പെട്ട് എയര്‍ ഇന്ത്യയ്ക്ക് ഒമ്പത് കാരണം കാണിക്കല്‍ നോട്ടീസുകള്‍ നല്‍കിയിട്ടുണ്ടെന്ന് എംപിമാരുടെ ചോദ്യങ്ങള്‍ക്ക് മറുപടിയായി വ്യോമയാന മന്ത്രാലയം രാജ്യസഭയെ അറിയിച്ചു.






