തിരുവനന്തപുരം: പൊന്മുടിയിൽ നദിയിൽ വീണ് ടെക്‌നോപാർക്ക് ജീവനക്കാരി മരിച്ചു. തിരുവനന്തപുരം കമലേശ്വരം മണക്കാട് തോട്ടം പൂവങ്കൽ ഹൗസിൽ അനുപമ (26) ആണ് മരിച്ചത്. ഇന്ന് ഉച്ചയ്ക്ക് രണ്ടുമണിയോടെയായിരുന്നു അപകടം.
സുഹൃത്തുക്കളോടൊപ്പം പൊന്മുടി സന്ദർശനത്തിനായി എത്തിയ അനുപമ വിതുര–ചന്തമുക്ക് താവയ്ക്കൽ ആറ്റിന് സമീപം സുഹൃതിനോടൊപ്പം നടക്കുന്നതിനിടെയാണ് അപകടമുണ്ടായത്. പടിക്കെട്ടിലൂടെ നടക്കുന്നതിനിടെ കാൽവഴുതി സുഹൃത്ത് ആദ്യം ആറ്റിൽ വീണു. സുഹൃത്തിനെ രക്ഷിക്കാൻ ശ്രമിക്കുന്നതിനിടെയാണ് അനുപമയും വെള്ളത്തിലേക്ക് വീണത്.
സുഹൃത്തിനെ കൂടെയുണ്ടായിരുന്നവർ രക്ഷപ്പെടുത്തി. എന്നാൽ വെള്ളത്തിൽ മുങ്ങിത്താഴ്ന്ന അനുപമയെ സമീപത്തുണ്ടായിരുന്ന ഇതര സംസ്ഥാന തൊഴിലാളികളാണ് പുറത്തെടുത്തത്. ഉടൻ വിതുര താലൂക്ക് ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
മൃതദേഹം നിലവിൽ വിതുര താലൂക്ക് ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ്.






